Offshore Betting Sites : വാഗ്ദാനങ്ങൾ വൻ തുക; സർക്കാരിന് നഷ്ടമോ? ബെറ്റിങ് സൈറ്റുകൾ രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നത് എങ്ങനെ? | Explainer
Offshore Betting Sites വാതുവെയ്പ്പ് രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് നിയമവിരുദ്ധമാണെങ്കിലും ഈ ബെറ്റിങ് സൈറ്റുകൾ ഇന്ത്യയിൽ എല്ലായിടത്തും തന്നെയുണ്ട്
ടെലിവിഷൻ ചാനലുകൾ, ഒടിടി പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ മാധ്യമങ്ങൾ തുടങ്ങിയവയിൽ നിരവധി വാതുവെയ്പ്പ് സൈറ്റുകളുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. പലപ്പോഴും നമ്മുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളുൾപ്പെടെയുള്ള സെലിബ്രിറ്റികളാണ് ഇത്തരം പരസ്യങ്ങളിൽ എത്തുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും സോഷ്യൽ മീഡിയകളിലും റോഡരികിലെ പരസ്യബോർഡുകളിലും വരെ ഇതിന്റെ പരസ്യങ്ങൾ കാണാൻ സാധിക്കും. എന്നാൽ ഈ ആപ്പുകളിൽ പലതും രാജ്യത്തിന് പുറത്ത് നിന്ന് പ്രവർത്തിക്കുന്നവയാണ്. പുറത്ത് നിന്ന് പ്രവർത്തിക്കുന്നത് കൊണ്ട് ഇന്ത്യൻ സർക്കാരിന്റെ നികുതി വരുമാനത്തിലാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.
ഈ ഓഫ്‌ഷോർ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾ നിരോധിക്കുന്നതിനായി റവന്യൂ വകുപ്പ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി ചർച്ചകൾ നടത്തിവരുന്നു. ഫെയർപ്ലേ, പാരിമാച്ച്, ബെറ്റ്വേ, വൂൾഫ് 777, 1xബെറ്റ് തുടങ്ങിയ സൈറ്റുകളുടെയോ ഇവയുടെ അനുബന്ധ വെബ്സൈറ്റുകളുടോയോ പരസ്യം ടെലിവിഷൻ ചാനലുകൾ, ഒടിടി പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ മാധ്യമങ്ങൾ യാതൊരു കാരണവശാലും പ്രദർശിപ്പിക്കാൻ പാടില്ല എന്നാണ് ഐബി മന്ത്രാലയത്തിന്റെ അറിയിപ്പ്. അങ്ങനെ ചെയ്താൽ പിഴ ഈടാക്കുമെന്നും അറിയിപ്പുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ്, ആദായനികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയും ഈ ആപ്പുകളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നടപടി ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കണക്കുകൾ പ്രകാരം ഇന്ത്യയുടെ ഓൺലൈൻ ഗെയിമിംഗ് വ്യവസായം 2 ബില്യൺ ഡോളർ മൂല്യമുള്ളതാണ്. നിലവിൽ, 'ഗെയിംസ് ഓഫ് ചാൻസ്' (വാതുവയ്പ്പ് അല്ലെങ്കിൽ ചൂതാട്ടം), 'ഗെയിം ഓഫ് സ്‌കിൽ' എന്നിവയ്ക്കുള്ള ജിഎസ്ടി നിയമങ്ങൾ വളരെ വ്യത്യസ്തമാണ്. നൈപുണ്യമുള്ള ഗെയിമുകൾക്ക് പ്ലാറ്റ്‌ഫോം ഫീസിൽ 18 ശതമാനം ജിഎസ്‌ടി ചുമത്തും. അതേസമയം ചാൻസ് ഗെയിമുകൾക്ക് മത്സര എൻട്രി തുകയിൽ 28 ശതമാനം ജിഎസ്‌ടി ചുമത്തും. ഇതിനർത്ഥം അത്തരം ആപ്പുകൾ 40-50 കോടി ഡോളർ വരുമാനം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഈ തുകയുടെ പ്രധാന ഭാഗം പൊതു ഖജനാവിലേക്ക് എത്തില്ല.
സർക്കാർ നിയന്ത്രണങ്ങൾ, നികുതി, ഗൂഗിളിന്റെ നയ മാറ്റങ്ങൾ എന്നിവയുടെ അഭാവം മൂലം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന ഇന്ത്യൻ എതിരാളികളിൽ നിന്ന് വ്യത്യസ്തമാണ് ഈ വാതുവെയ്പ്പ് സൈറ്റുകളുടെ സ്ഥിതി. വാതുവെയ്പ്പ് സൈറ്റുകളായ Dafabet, Betway, Bet365, Parimatch, Fairplay, 1xbet എന്നിവ ഇന്ത്യൻ ഓൺലൈൻ ഗെയിമിംഗ് വ്യവസായത്തെ 25-30 ബില്യൺ ഡോളറെങ്കിലും ദരിദ്രമാക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്!
എന്താണ് വാതുവെയ്പ്പ് സൈറ്റുകൾ?
ഓണലൈൻ വഴി റമ്മി, മറ്റ് ഗെയിമുകൾ കളിക്കുന്നത് എല്ലാവർക്കും ഇപ്പോൾ സുപരിചിതമാണ്. എന്നാൽ അതിൽ നിന്നെല്ലാം മാറി ഓൺലൈൻ വഴി വാതുവെയ്പ്പിന് അവസരമൊരുക്കുന്നതാണ് ഈ ഓഫ്ഷോർ ബെറ്റ്ങ് സൈറ്റുകൾ. ഒരു കായിക മത്സരമോ അല്ലെങ്കിൽ സിനിമ സംബന്ധമായ വിവരങ്ങൾ കുറിച്ച് ഓൺലൈനിലൂടെ വാതുവെയ്പ്പ് നടത്താം സാധിക്കും. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് വാതുവെയ്പ്പ് നിയമവിരുദ്ധമാണെങ്കിലും ഈ ബെറ്റിങ് സൈറ്റുകൾ ഇപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും തന്നെയുണ്ടെന്ന് പറയാം. അതുകൂടാതെ ഈ സൈറ്റുകളുടെ പരസ്യത്തിന് വേണ്ടിയെത്തുന്നതോ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും തുടങ്ങിയ സെലിബ്രേറ്റികളൊക്കെയാണ്.
ALSO READ : IPL Betting: ഐപിഎല്‍ വാതുവെപ്പ്: മലയാളികളടക്കം 27 പേര്‍ അറസ്റ്റില്‍
ഓൺലൈൻ ഗെയിമുകൾക്ക് മുകളിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോഴാണ് നിയമവിരുദ്ധമാണെങ്കിലും ബെറ്റിങ് സൈറ്റുകൾ അധികം രാജ്യത്ത് കൂടുതൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ട് വർഷത്തിലായി ഒരു ഡസനിൽ അധികം ബെറ്റിങ് സൈറ്റുകളാണ് ഇന്ത്യയിൽ കാണാൻ ഇടയായത്. ഡാഫാബെറ്റ്, ബെറ്റ്വേ, ബെറ്റ്365, പാരിമാച്ച്, ഫെയർപ്ലേ, വൂൾഫ് 777, 1xബെറ്റ് തുടങ്ങിയ സൈറ്റുകളാണ് ഇപ്പോൾ ഇന്ത്യയിലുള്ള പ്രമുഖ വാതുവെയ്പ്പ് സൈറ്റുകൾ. ഈ സൈറ്റുകളുടെ വരുവോടെ എംപിഎൽ, ഡ്രീം ഇലവൻ, ഓൺലൈൻ റമ്മി തുടങ്ങിയ ഓൺലൈൻ ഗെയിമുകളുടെ വരുമാനത്തിൽ വൻ ഇടിവാണ് സമ്മാനിച്ചത്. ഏകദേശം 25-30 ബില്യൺ ഡോളറിന്റെ നഷ്ടമാണ് വാതുവെയ്പ്പ് സൈറ്റുകളുടെ വരുവോടെ ഓൺലൈൻ ഗെയിമിങ് വെബ്സൈറ്റുകൾക്ക് ഉണ്ടായിരിക്കുന്നതെന്ന് ബിസിനെസ് ന്യൂസ് വെബ്സൈറ്റായ മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
വാതുവെയ്പ്പ് സൈറ്റുകൾ എങ്ങനെ ജനങ്ങളിലേക്കെത്തി?
കഴിഞ്ഞ ഐപിഎൽ മത്സരത്തിൽ പല ടീമുകളുടെ ജേഴ്സികളിൽ ഒന്ന് കണ്ണോടിച്ചാൽ ചുരുങ്ങിയത് ഒരു വാതുവെയ്പ്പ് സൈറ്റിന്റെ പേരെങ്കിലും കാണാൻ സാധിക്കും. അല്ലെങ്കിൽ ആ വെബ്സൈറ്റുകളുടെ അനുബന്ധ സൈറ്റുകളുടെ പേരാകും ജേഴ്സിയിൽ ആലേഖനം ചെയ്യുന്നത്. ഉദ്ദാഹരണത്തിന് ഡാഫാബെറ്റ് എന്ന പറയുന്നു വെബ്സൈറ്റിന്റെ അനുബന്ധ സൈറ്റായ ഡാഫാന്യൂസ് എന്ന പേരിലാകും പരസ്യം നൽകുക. പാരിമാച്ചും ബെറ്റ്വേയും തുടങ്ങിയ രീതിയിൽ തന്നെയാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഇതിനോടൊപ്പം സെലിബ്രേറ്റികൾ ബ്രാൻഡ് അംബാസിഡറുമാരായി എത്തുമ്പോൾ ഈ സൈറ്റുകൾക്ക് കൂടുതൽ പേരിലേക്കെത്താൻ സാധിക്കുന്നുണ്ട്.
ഇത് കൂടാതെ ഇന്റർനെറ്റിൽ പ്രത്യേകം ബാനർ പരസ്യങ്ങൾ, അതിലൂടെ ആകർഷിച്ച് കൂടുതൽ പേരെ തങ്ങളുടെ വെബ്സൈറ്റലേക്കെത്തിക്കുകയാണ്. ഇവരുടെ വെബ്സൈറ്റുകളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കന്നതിനായി ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുമായി പ്രവർത്തിച്ച് കൂടുതൽ റീച്ചുണ്ടാക്കിയെടുക്കാനും ഇവർ ശ്രമിക്കുന്നുണ്ട്.
ALSO READ : ഐപിഎല്‍ വാതുവെപ്പ്: അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു
സാധാരണ ലോക്കൽ കമ്പനികൾ വഴി ബിസിനെസ് നടത്താതെ ഈ വെബ്സൈറ്റുകൾ നേരിട്ട് കളത്തിൽ ഇറങ്ങുകയാണ് ചെയ്തത്. ഇന്ത്യയിലെ ജനങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ട് മേഖലയെ അതിന് കൂട്ടു പിടിക്കുകയും ചെയ്തു-സ്പോർട്സും സിനിമയും. കൂടാതെ വലിയ ബാനറിലുള്ള പരസ്യ പ്രചാരണങ്ങളും ഇവരുടെ വളർച്ചയ്ക്ക് സഹായകമായി. ഇതിനായി പ്രധാന വെബ്സൈറ്റുകൾ 5,500 കോടി രൂപയോളം ചിലവഴിക്കുന്നുണ്ടെന്നാണ് ബിസിനെസ് മാധ്യമമായ മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത്.
വാതുവെയ്പ്പ് നിയമവിരുദ്ധമല്ലേ?
ഇന്ത്യയിലെ നിയമ അനുസരിച്ച് ഏത് മേഖലയിലോ അല്ലെങ്കിൽ പ്ലാറ്റ്ഫോമിലോ വാതുവെയ്പ്പ് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നിയമവിരുദ്ധമാണ്. പക്ഷെ ഈ വെബ്സൈറ്റുകൾക്ക് ഇന്ത്യയുടെ നിയമങ്ങളോട് പുച്ഛമാണ്. 1867 പബ്ലിക് ഗെയിമിങ് ആക്ട് നിലവിലെ സാഹചര്യത്തിൽ ഒട്ടും പ്രായോഗികമല്ല. ഇനി അഥവ രാജ്യത്തിന്റെ പരസ്യ കൗൺസിലിന്റെ (എ എസ് സി ഐ) നിർദേശങ്ങളോ കാറ്റിൽ പറത്തുന്ന സ്ഥിതി വിശേഷമാണ് കാണുന്നത്. അവയെല്ലാം കേബിൾ ടെലിവിഷൻ ആക്ടിന്റെ കീഴിലാണ് വരിക.
അടുത്തിടെയാണ് ടിവി, ഒടിടി, ഓൺലൈൻ മാധ്യമങ്ങൾക്കുള്ളൾപ്പെടെ കേന്ദ്ര വാർത്ത-വിനിമയ മന്ത്രാലയം വാതുവെയ്പ്പ് സൈറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ കർശന നിയന്ത്രണവും നിർദേശവുമായി എത്തിയത്. സർക്കാരിന് ഈ ബെറ്റിങ് വബ്സൈറ്റുകളെ നിരോധിച്ചൂടെ എന്ന ചോദ്യമാണ് ബാക്കി നിൽക്കുന്നത്. അത് തന്നെയാണ് ഈ വാതുവെയ്പ്പ് സൈറ്റുകളുടെ വിജയം.
സർക്കാരിനെ ബാധിക്കുന്നത് എങ്ങനെയാണ്?
നികുതി വരുമാനത്തിലാണ് സർക്കാരിനെ പ്രധാനമായി ഈ വെബ്സൈറ്റുകൾ ബാധിക്കുന്നത്. ഈ വെബ്സൈറ്റുകൾ എവിടെ നിന്നാണ് പ്രവർത്തിക്കുന്നതിൽ ധാരണയില്ല. അവയിൽ ഭുരിഭാഗവും പ്രവർത്തക്കുന്നത് മാൾട്ട, കുറക്കാവോ, ബെലീസ്, ജിബ്രാൾട്ടർ, ഐൽ ഓഫ് മാൻ തുടങ്ങിയ സ്ഥലങ്ങളാകാനാണ് സാധ്യത. കാരണം ഈ പ്രദേശങ്ങളിൽ നികുതി വളരെ കുറവാണ്. കൂടാതെ ഈ വെബ്സൈറ്റുകളുടെ ഉടമസ്ഥർ ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണ്. രാജ്യം വിട്ട പ്രമുഖ ഇന്ത്യൻ ബിസിനെസ് ടൈക്കൂണും ഇത്തരത്തിലുള്ള വെബ്സൈറ്റിന് പിന്നുലണ്ടെന്നാണ് ഒരു അഭ്യൂഹം.
സർക്കാരിന്റെ മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളി ഇവയിൽ ഏതാണ് നിയമവിധേയമായതും അല്ലാത്തവയും എന്ന് തരംതിരിക്കലാണ്. ഇത്തരത്തിലുള്ള ചൂതാട്ടത്തിനെതിരെ ഒർഡിനൻസ് ഇറക്കണമെന്ന് പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. പ്രായോഗികമായി അത് നടപ്പിലാകില്ലയെന്ന് സർക്കാരിന് അറിയാം. കാരണം 'അദൃശ്യം' ആയിട്ടാണ് ഈ വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നത്. അതിനോടൊപ്പം സെലിബ്രേറ്റികളുടെ പിന്തുണയും ലഭിക്കുമ്പോൾ ജനങ്ങൾക്കിടയിൽ ഈ സൈറ്റുകൾ കൂടുതൽ പ്രചാരണം ലഭിക്കുകയാണ്. പിന്നെ ഈ വെബ്സൈറ്റുകളെ നിരേധിക്കുക എന്ന് പറയുന്നത് പ്രഹസനം മാത്രമായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...