ഒറ്റ ചാർജിൽ 805 കീലോമീറ്റർ റേഞ്ച്; തരംഗമാകാൻ ടെസ്ലയുടെ സെമി EV ട്രക്ക്
അമേരിക്കയിലെ നെവാഡ മരുഭൂമിയിലുള്ള ടെസ്‌ലയുടെ ജിഗാ ഫാക്ടറിയിൽ നിന്നാണ് ട്രക്ക് പുറത്തിറങ്ങുന്നത്.
ലോകം ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വൈദ്യുത ചാലക ശക്തിയിലേക്ക് അതിവേഗം മാറുകയാണ്,അതിൽ തന്നെ ചരക്കു ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റമാകാൻ എത്തുന്ന ടെസ്‌ലയുടെ ആദ്യ ഇവി ട്രക്കായ സെമി ഡിസംബറിൽ ഉടമയക്ക് കൈമാറും. 2017ൽ ട്രക്ക് ആദ്യം ലോകത്തിന് മുൻപിൽ പ്രദർശിപ്പിച്ചപ്പോൾ തന്നെ 100 ട്രക്കുകളുടെ ഓർഡർ നൽകിയ പെപ്സികോയ്ക്കാണ് ട്രക്ക് കൈമാറുന്നത്. ഡിസംബർ 1 ന് ആദ്യ വാഹനം നിരത്തുകളിൽ എത്തുമെന്നാണ് ഇലോൺ മസ്ക് ട്വിറ്ററിലൂടെ അറിയിച്ചത്.
അമേരിക്കയിലെ നെവാഡ മരുഭൂമിയിലുള്ള ടെസ്‌ലയുടെ ജിഗാ ഫാക്ടറിയിൽ നിന്നാണ് ട്രക്ക് പുറത്തിറങ്ങുന്നത്. ആഴ്ചയിൽ അഞ്ച് ട്രക്ക് വീതം പുറത്തിറങ്ങുമെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്.36 ടൺ ഫുൾ ലോഡുമായി ഒറ്റ ചാർജിൽ 805 കിലോമീറ്റർ സെമി ഓടും.
ലോഡുമായി പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 97 കിലോമീറ്റർ വേഗം കൈവരിക്കാൻ ടെസ്‌ല ട്രക്കിനു വേണ്ടത് 20 സെക്കൻഡ് മാത്രം. ലോഡ് ഇല്ലെങ്കിൽ വെറും 5 സെക്കൻഡ് മതിയാകും. ശരാശരി വേഗം മണിക്കൂറിൽ 105 കിലോമീറ്റർ. ജിഗാ ഫാക്ടറിയിൽ നിന്ന് കലിഫോർണിയയിലെ ടെസ്‌ല കാർ ഫാക്ടറിയിലേക്ക് നിറയെ ലോഡുമായി രണ്ടു ട്രക്കുകളുടെ പരീക്ഷണ ഓട്ടം നടത്തിയാണു മസ്ക് ഇലക്ട്രിക് ട്രക്കിന്റെ വരവറിയിച്ചത്. വാൾമാർട്ട്, ഡിഎച്ച്എൽ, പെപ്സികോ തുടങ്ങിയ വമ്പൻ കമ്പനികളാണു നൂറു കണക്കിന് ട്രക്കുകൾക്ക് ഓർഡർ നൽകി കാത്തിരിക്കുന്നത്.
പരീക്ഷണ ഓട്ടങ്ങളും മറ്റു നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കി 2019ൽ നിർമാണം ആരംഭിക്കാനായിരുന്നു ടെസ്ലയുടെ പദ്ധതി. എന്നാൽ കോവിഡ് പ്രതിസന്ധിയും മറ്റു ചില കാരണങ്ങളും ട്രക്കിന്റെ വരവ് വൈകിച്ചു. ഡീസൽ ട്രക്കുകളേക്കാൾ 70 ശതമാനം കുറഞ്ഞ ചെലവിൽ ഓടിക്കാമെന്നു ഇലോൺ മസ്ക് അവകാശപ്പെടുന്നു. 643 കിലോമീറ്റർ റേഞ്ച് വെറും അര മണിക്കൂർ ചാർജിങ്ങിലൂടെ സെമി ഇ വിക്ക് നേടാനുമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...