Goa Trip : പാർട്ടിയും ബീച്ചും ഇല്ലാത്ത ഒരു ഗോവ; അറിയാം ഗോവയുടെ മറ്റൊരു സൗന്ദര്യത്തെ കുറിച്ച്
നിങ്ങൾക്ക് പാർട്ടിക്കും ബീച്ചുകൾക്കും ഒപ്പം തന്നെ കുറച്ച് സാഹസികതകളും, ശാന്തിയും സമാധാനവും ഒക്കെ വേണമെങ്കിൽ ഇതിനൊക്കെ പറ്റിയ കിടിലം സ്ഥലങ്ങൾ ഗോവയിലുണ്ട്
ഗോവയെന്നാൽ എപ്പോഴും ഓർമ്മ വരുന്ന ചിത്രങ്ങൾ ബീച്ചും, പാർട്ടികളും ഒക്കെയാണ്. എന്നാൽ ഇതൊന്നുമല്ലാത്ത ഒരു ഗോവയുണ്ട്. പ്രത്യേകിച്ചും സൗത്ത് ഗോവയുടെ ഭാഗങ്ങൾ. നിങ്ങൾക്ക് പാർട്ടിക്കും ബീച്ചുകൾക്കും ഒപ്പം തന്നെ കുറച്ച് സാഹസികതകളും, ശാന്തിയും സമാധാനവും ഒക്കെ വേണമെങ്കിൽ ഇതിനൊക്കെ പറ്റിയ കിടിലം സ്ഥലങ്ങൾ ഗോവയിലുണ്ട്.
ഹാർവാലം വെള്ളച്ചാട്ടം
പനാജിയിൽ നിന്ന് 42 കിലോമീറ്റർ അകലെയുള്ള വെള്ളച്ചാട്ടമാണ് ഹാർവാലം. ഇവിടെ അധികം യാത്രക്കാർ എത്താറില്ല. ഇതിന്റെ അടുത്തൊന്നും തന്നെ ബീച്ചില്ലെന്നുള്ളതും ഇവിടേക്ക് ആളുകൾ വരുന്നതിന്റെ എണ്ണം കുറയാൻ കാരണമാണ്. കാടിന്റെ നടുക്കാണ് ഈ വെള്ളച്ചാട്ടം ഉള്ളത്. ഇതിനോട് അടുത്ത് തന്നെ ഒരു ശിവ ക്ഷേത്രവും ഉണ്ട്. നവംബർ മുതൽ മാർച്ച് വരെയുള്ള സമയത്താണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം. പനാജിയിൽ നിന്നും, മാപ്പുസായിൽ നിന്നും നിങ്ങൾക്ക് ഇവിടേക്ക് ബസ് കിട്ടും.
സിൻക്വറിം ഫോർട്ട്
ഗോവയിൽ ആദ്യമായി എത്തിയത് പോർച്ചുഗീസുകാരായിരുന്നു. ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിക്കുന്നത് വരെ പോർച്ചുഗീസുകാർക്ക് പ്രിയപ്പെട്ട സ്ഥലമായിരുന്നു ഗോവ. ഇവിടെ ഇപ്പോഴും പോർച്ചുഗീസ് ആർക്കിടെക്ച്ചറിലുള്ള നിരവധി കെട്ടിടങ്ങളിൽ, കോട്ടകളും കാണാൻ സാധിക്കും. ഇത്തരത്തിൽ ഒന്നാണ് സിൻക്വറിം ഫോർട്ട്. സിൻക്വറിം ബീച്ചിന് അടുത്താണ് സിൻക്വറിം ഫോർട്ട് സ്ഥിതി ചെയ്യുന്നത്. ഗോവ എയർപോർട്ടിൽ നിന്ന് ഒരു മണിക്കൂർ മാത്രം ദൂരെയാണ് സിൻക്വറിം ഫോർട്ട്. ഇവിടത്തെ ബീച്ചിലും തിരക്ക് കുറവാണ്.
റിവോന ഗുഹകൾ
റിവോന ഗുഹകളിൽ എത്താൻ പറ്റിയ മാർഗം ബൈക്കാണ്. സ്റ്റേറ്റ് ഹൈവേ 7 ലൂടെ ഒരു മണിക്കൂർ യാത്ര ചെയ്താൽ തിലമോൾ-കുർഡി പ്രദേശത്ത് എത്തും. ഇവിടെ നിന്നും 10 മിനിറ്റ് ദൂരെ മാത്രമാണ് റിവോണ ഗുഹകൾ. ഒരു ബുദ്ധ സന്യാസി ധ്യാനത്തിനിരുന്ന പ്രദേശമാണ് ഇതെന്നാണ് വിശ്വാസം. ഇവിടെ ധ്യാനത്തിന് ഇരിക്കാനുള്ള ഒരു ഇരിപ്പിടവും ഉണ്ട്. കൂടാതെ നിരവധി ചിത്രങ്ങളും ഈ ഗുഹകൾക്ക് ഉള്ളിൽ കൊത്തി വെച്ചിട്ടുണ്ട്.
ALSO READ: Best Treks in Kerala : കേരളത്തിൽ ട്രെക്കിങിന് പോകാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെ? പോകേണ്ടതെപ്പോൾ?
നേത്രവാലി
സൗത്ത് ഗോവയിലെ സാങ്ഗെം ജില്ലയിൽ ഉള്ള പ്രദേശമാണ് നേത്രവാലി. ഗോവ എയർപോർട്ടിൽ നിന്ന് 65 കിലോമീറ്റർ മാത്രം ദൂരെയാണ് നേത്രവാലി. ബൈക്കിലോ, കാറിലോ ഇവിടെ എത്താം. ഇവിടത്തെ അരുവിയിൽ മീഥേൻ അടിഞ്ഞിട്ടുണ്ട് ഇത് മൂലം ഈ അരുവിയിൽ നിന്ന് എപ്പോഴും കുമിളകൾ മേലേക്ക് ഉയർന്ന കൊണ്ടിരിക്കും. ഇത് കൂടാതെ ഇവിടത്തെ വന്യ ജീവി സങ്കേതവും, വെള്ളച്ചാട്ടവും ഒക്കെ നവ്യാനുഭവമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...