Time Magazine: ടൈം മാഗസിൻ പട്ടിക: ഈ വർഷം കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളിൽ ഒന്ന് കേരളം
Kerala Tourism: അന്താരാഷ്ട്ര ട്രാവല്‍ ജേര്‍ണലിസ്റ്റുകൾക്കിടയിൽ നടത്തിയ അഭിപ്രായ സർവേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ന്യൂയോര്‍ക്ക്: ലോകത്തിലെ സന്ദർശിക്കേണ്ട 50 മനോഹരമായ സ്ഥലങ്ങളുടെ ടൈം മാഗസിന്റെ ഈ വർഷത്തെ പട്ടികയിൽ ഇടംനേടി കേരളം. അഹമ്മദാബാദും ടൈം മാഗസിന്റെ പട്ടകയിൽ ഇടംനേടി. അന്താരാഷ്ട്ര ട്രാവല്‍ ജേര്‍ണലിസ്റ്റുകൾക്കിടയിൽ നടത്തിയ അഭിപ്രായ സർവേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത്, ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നാണ് ടൈം മാഗസിന്റെ പ്രൊഫൈലിൽ കേരളത്തെക്കുറിച്ച് പറയുന്നത്. മനോഹരമായ കടൽത്തീരങ്ങളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഉൾപ്പെടുന്ന ഈ സംസ്ഥാനം "ദൈവത്തിന്റെ സ്വന്തം നാട്" എന്ന് അറിയപ്പെടുന്നു. കായൽ, ഹൗസ്ബോട്ടുകൾ, ആയുർവേദ ജീവിത രീതികൾ എന്നിവ ആസ്വദിക്കാൻ കേരളം മികച്ചതാണ്. ആയുർവേദ വിശ്രമ കേന്ദ്രം, ധ്യാനം, യോഗാഭ്യാസങ്ങൾ, ആയുർവേദ ചികിത്സകൾ, മികച്ച ഭക്ഷണം എന്നിവയാൽ സമ്പന്നമാണ് കേരളം. ഈ വർഷം, ഹോം ടൂറിസത്തിന്റെ സാധ്യതകൾ കേരളം വർധിപ്പിക്കുകയാണ്.
സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്ക്, കരവൻ മെഡോസ്, മനോഹരമായ ഹിൽസ്റ്റേഷനായ വാഗമണ്ണിൽ തുറന്നു. ഹൗസ് ബോട്ട് യാത്രകളും വിജയകരമാണ്. കാരവൻ ടൂറിസവും വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ ബീച്ചുകളും പച്ചപുതച്ച പ്രകൃതിരമണീയമായ ദൃശ്യങ്ങളും വിസ്മയിപ്പിക്കുന്നതാണ്. ഈ കാഴ്ചകൾ കാണാൻ കേരളം സന്ദർശിക്കണമെന്നും മാഗസിനിൽ പറയുന്നു. പ്രകൃതിരമണീയമായ ദൃശ്യങ്ങളാൽ സമ്പന്നമായ കേരളം എക്കാലത്തും വിനോദസഞ്ചാരികളുടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്.
ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ ലോക പൈതൃക നഗരമാണ് അഹമ്മദാബാദ്. പടിഞ്ഞാറൻ ഇന്ത്യയിലെ അഹമ്മദാബാദ്, ഗുജറാത്തിലെ ഏറ്റവും വലിയ നഗരമാണ്. സബർമതി നദി, സബർമതി നദിയുടെ പടിഞ്ഞാറൻ തീരത്തെ സബർമതിയിലെ ഗാന്ധി ആശ്രമം എന്നിവയാൽ സമ്പന്നമാണ് അഹമ്മദാബാദ്. തുണി വ്യാപാരികളുടെ മാളികയായിരുന്ന കാലിക്കോ മ്യൂസിയം ഓഫ് ടെക്സ്റ്റൈൽസിൽ പുരാതനവും ആധുനികവുമായ തുണിത്തരങ്ങളുടെ ഗണ്യമായ ശേഖരമുണ്ട്. "സാംസ്‌കാരിക വിനോദസഞ്ചാരത്തിന്റെ മെക്ക" എന്നാണ് ടൈം മാഗസിൻ അഹമ്മദാബാദിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...