കൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയില്‍ സ്ഥിരം യാത്രക്കാരില്ലാത്തതും വലിയ ടിക്കറ്റ് നിരക്കും പദ്ധതിയെ കാര്യമായി ബാധിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെ ആദ്യഘട്ടം മെട്രോ ഓടിത്തുടങ്ങിയതിനുശേഷം ആദ്യമായാണ് ഒരു സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഡീവാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്സ് നടത്തിയ സര്‍വേയിലെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്) വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തിയത്. ഇരുപത്തിയഞ്ച് ശതമാനം ആളുകള്‍ മാത്രമാണ് മെട്രോയാത്ര സ്ഥിരമായി നടത്തുന്നതെന്നാണ് കണ്ടെത്തല്‍. ടിക്കറ്റ് ചാര്‍ജ് കൂടുതലാണെന്ന് സര്‍വേയില്‍ പങ്കെടുത്ത ജനങ്ങള്‍ ചൂണ്ടിക്കാട്ടി. നാല്പത്തിമൂന്ന് ശതമാനം ആളുകളാണ് യാത്രാനിരക്ക് വളരെ കൂടുതലാണെന്ന് അഭിപ്രായപ്പെട്ടത്.


യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരാനുള്ള പ്രധാന കാരണം യാത്രാനിരക്ക് തന്നെയെന്ന് സര്‍വേ വ്യക്തമാക്കുന്നു. അതേസമയം മെട്രോ സംബന്ധമായ സേവനം മികച്ചതാണെന്നും മെട്രോ യാത്ര സ്ത്രീകള്‍ക്ക് തികച്ചും സുരക്ഷിതമാണെന്നും 82 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.