Royal Enfield Scram 411: ഹിമാലയന്‍റെ കൂടെപിറപ്പ്, സ്‌ക്രാം 411 നിരത്തിലേക്ക്
ഓൺ റോഡ് യാത്രക്കും ദീർഘദൂര യാത്രകൾക്കും സ്‌ക്രാം 411 ഉപകാരമാകും.
ഓഫ് റോഡ് റൈഡിങ് അധികം ഇഷ്ടപെടാത്ത, ഹിമാലയൻ ആരാധകർക്കായി റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്ന പുത്തൻ മോഡലായ സ്‌ക്രാം 411 മാർച്ച് 15ന് പുറത്തിറങ്ങും. ലുക്കിൽ ഏറെക്കുറെ ഹിമാലയൻ, എന്നാൽ ഹിമാലയനല്ല, ഇതാണ് സ്‌ക്രാംബ്ലർ വിഭാഗത്തിൽ പെടുത്താവുന്ന സ്‌ക്രാം 411. ഓൺ റോഡ് യാത്രക്കും ദീർഘദൂര യാത്രകൾക്കും സ്‌ക്രാം 411 ഉപകാരമാകും.
അനൗദ്യോഗിക ചിത്രങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം, ദൂരയാത്രകളിലെ സൗകര്യത്തിനായി ഹിമാലയനിലുള്ള വിൻഡ്സ്ക്രീൻ സ്‌ക്രാം 411ൽ ഇല്ല. പകരം അലൂമിനിയം ഫിനിഷിലുള്ള ഒരു കൗൾ ആണ് ഹെഡ്‍ലാംപിന് ചുറ്റും നൽകിയിരിക്കുന്നത്. പെട്രോൾ ടാങ്കിനിരുവശത്തും ഹിമാലയന്‍റെ ഗാർഡുകൾക്ക് പകരം സ്‌ക്രാം 411ൽ ചെറിയ ഒരു ബാഡ്ജ് പ്ലേറ്റിംഗാണ് ക്രമീകരിച്ചിരിക്കുന്നത്. പുറകിലെ ലഗേജ് റാക്കിന് പകരം ഗ്രാബ് റെയിൽ ആണ്. സ്പ്ലിറ്റ് സീറ്റുകൾക്ക് പകരം സിംഗിൾ പീസ് സീറ്റ് എന്നിവയാണ് മറ്റുള്ള മാറ്റങ്ങൾ.
നിറങ്ങളുടെ കാര്യത്തിലും ഹിമയനിൽ നിന്ന് വ്യത്യസ്തമായിരിക്കും പുത്തൻ ബൈക്ക്. സസ്പെൻഷൻ, ബ്രേക്കിങ് എന്നിവയുടെ കാര്യത്തിൽ ഹിമാലയനും സ്‌ക്രാം 411ഉം തമ്മിൽ വ്യത്യാസമുണ്ടോ എന്ന് ബൈക്കിന്‍റെ ലോഞ്ചിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുക്കയുള്ളു. ഹിമാലയനിലെ 411 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ കൂൾഡ് ഫ്യുവൽ ഇൻജെക്ഷൻ എസ്ഒഎച്ച്സി എൻജിൻ തന്നെയാണ് റോയൽ എൻഫീൽഡ് സ്‌ക്രാം 411 ന്‍റെയും ഹൃദയം . 24.3 എച്ച്പി പവറും 32 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിൻ ഇതേ ട്യൂണിലാണോ സ്‌ക്രാം 411ലും ഘടിപ്പിക്കുക എന്നത് വ്യക്തമല്ല. 5-സ്പീഡ് മാന്വൽ ഗിയർബോക്‌സ് മാറ്റമില്ലാതെ തുടരാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...