ലണ്ടന്‍: ക്രിസ്മസ്, വിവാഹ വാര്‍ഷികം, ജന്മദിനം അങ്ങനെ ആഘോഷ ദിവസങ്ങളില്‍  പരസ്പരം ആശംസാകാര്‍ഡുകള്‍ അയക്കുന്നത് വിദേശ രാജ്യങ്ങളില്‍ പതിവാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജേസ് എന്ന ഏഴ് വയസുകാരന്‍ മരിച്ചു പോയ തന്‍റെ പിതാവിന് അയച്ച പിറന്നാള്‍ സന്ദേശമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 


ബ്രിട്ടിഷ് കൊറിയര്‍ കമ്പനിയായ റോയല്‍ മെയിലിനാണ് ജേസ് കത്തയച്ചത്. പിതാവിനുള്ള ഈ പിറന്നാള്‍ ആശംസ സ്വര്‍ഗത്തിലേക്കെത്തിയ്ക്കാമോ, നന്ദി- ഇതായിരുന്നു ജേസിന്‍റെ കുറിപ്പ്. 


ജേസിന്‍റെ ആഗ്രഹ പ്രകാരം അമ്മയായ ടെറി കോപ്ലാന്‍ഡ്‌ ഈ കത്ത് കമ്പനിയ്ക്ക് അയയ്ക്കുകയും ചെയ്തു. എന്നാല്‍, പ്രതികരണം പ്രതീക്ഷിക്കാതെ ടെറിയയച്ച ഈ കത്തിന് മറുപടിയെത്തി. 


റോയല്‍ മെയിലിന്‍റെ അസിസ്റ്റന്‍റ് ഓഫീസ് മാനേജരായ സീന്‍ മില്ലിഗന്‍റേതായിരുന്നു ആ മറുപടി. നിങ്ങള്‍ പിതാവിനയച്ച കത്ത് യഥാസ്ഥലത്ത് എത്തിയിട്ടുണ്ട് എന്നറിയിക്കുന്നതായിരുന്നു കത്ത്. 



ആകാശത്തുണ്ടായിരുന്ന നക്ഷത്രങ്ങളെയും മറ്റ് ക്ഷീരപഥ വസ്തുക്കളെയും മറികടന്ന് കത്ത് പിതാവിന്‍റെ കൈയിലെത്തിയ്ക്കാന്‍ ഏറെ പ്രയാസമായിരുന്നുവെന്നും മറുപടിയില്‍ പറയുന്നു. 


മാത്രമല്ല, ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ സുരക്ഷിതമായി കൈമാറുകയെന്നതാണ് റോയൽ മെയിലിന്‍റെ മുൻഗണനയെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. 


വിവരങ്ങള്‍ പങ്ക് വെച്ചുള്ള ടെറിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ആളുകളാണ് വാര്‍ത്ത ഷെയര്‍ ചെയ്തത്.