Afghanistan: അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലെന്ന് Thaliban
അമേരിക്കൻ സൈന്യം പിൻവാങ്ങിയതോടെ അഫ്ഗാനിൽ താലിബാന്റെ മേധാവിത്തം ശക്തമാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
മോസ്കോ: അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് ഭീകര സംഘടനയായ താലിബാൻ. താലിബാന്റെ ഒരു മുതിർന്ന നേതാവ് മോസ്കോയിൽ വച്ചാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഏറ്റുമുട്ടലുകളിലൂടെ പുതിയ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും അമേരിക്കൻ സേന പിന്മാറുകയും ചെയ്തതോടെയാണ് രാജ്യത്തിന്റെ ഇത്രയും പ്രദേശം നിയന്ത്രണത്തിലായതെന്ന് താലിബാൻ വ്യക്തമാക്കി.
എന്നാൽ താലിബാന്റെ പ്രസ്താവനയിൽ അഫ്ഗാൻ സർക്കാർ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ അമേരിക്കൻ സൈന്യം പിൻവാങ്ങിയതോടെ അഫ്ഗാനിൽ താലിബാന്റെ മേധാവിത്തം ശക്തമാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സേന പിന്മാറ്റം പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. സേന പിന്മാറ്റം ഓഗസ്റ്റ് 31ന് അവസാനിക്കുമെന്നും ജോ ബൈഡൻ വ്യക്തമാക്കി. 20 വർഷമാണ് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ തുടർന്നത്.
ഒരു രാഷ്ട്രം നിർമിച്ച് നൽകുന്ന ഉത്തരവാദിത്വം അമേരിക്കയ്ക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് ജോ ബൈഡൻ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് അവരുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിനും ഭരണം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിനും പൂർണ സ്വാതന്ത്ര്യം ഉണ്ടെന്നും ബൈഡൻ വ്യക്തമാക്കി.
അമേരിക്കൻ എംബസിക്ക് സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ സേനയെ അവിടെ വിന്യസിക്കും. അഫ്ഗാനിസ്ഥാന് ആവശ്യമായ മാനുഷിക-സാമ്പത്തിക സഹായങ്ങൾ തുടരും. അഫ്ഗാൻ നേതാക്കൾ കഴിവുള്ളവരാണെന്നും താലിബാൻ ഭരണത്തിലെത്തുമെന്ന് കരുതുന്നില്ലെന്നും ബൈഡൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA