വാഷിങ്ടണ്‍: യു.എസ് പ്രതിരോധസെക്രട്ടറി ഇറാഖ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സിറിയയിലെ സൈന്യത്തെ പിന്‍വലിക്കാനും ഇറാഖില്‍ സൈനിക താവളം സ്ഥാപിക്കാനുമുള്ള അമേരിക്കന്‍ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. 


COMMERCIAL BREAK
SCROLL TO CONTINUE READING

യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന്‍ അപ്രതീക്ഷിതമായാണ് ഇന്നലെ ബാഗ്ദാദിലെത്തി ചര്‍ച്ചകള്‍ നടത്തിയത്. ഇറാഖി സര്‍ക്കാറിന്റെ ക്ഷണം അനുസരിച്ചാണ് തന്റെ സന്ദര്‍ശനമെന്നും ഇറാഖിന്റെ സുരക്ഷാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാല്‍ അമേരിക്കക്കുള്ള താല്പര്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സന്ദര്‍ശനമെന്നും ഷനഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.


ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയുമായി പെന്റഗണ് ചീഫ് നടത്തിയ കൂടിക്കാഴ്ചയില്‍ സിറിയയില്‍ നിന്നും യു.എസ് സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം ചര്‍ച്ചയായി.


ഇറാനെ നിരീക്ഷിക്കുന്നതിനായി ഇറാഖിലെ ഐന്‍ അല്‍ അസദ് എയര്‍ ബെയ്‌സില്‍ അമേരിക്കന്‍ സൈനിക താവളം സ്ഥാപിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തെ ഇറാഖ് എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച. 


ഇറാഖിലെയും സിറിയയിലെയും ഐ.എസ് സാന്നിധ്യം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യ സേന ദൗത്യം തുടരുന്ന സാഹചര്യത്തിലാണ് പെന്റഗണിന്റെ പുതിയ നീക്കം.