സിറിയയിലെ ഐഎസ് ആസ്ഥാനത്ത് വ്യോമാക്രമണം
സിറിയ: സിറിയയിലെ ഐഎസ് ആസ്ഥാനത്തെ വ്യോമാക്രമണത്തിൽ 150 പേര്‍ മരണമടഞ്ഞെന്ന് അമേരിക്കൻ സഖ്യസൈന്യം. ആക്രമണവിവരം ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
സിറിയയിൽ യൂഫ്രട്ടിസ് നദീതീരത്തെ കുറച്ചുപ്രദേശങ്ങൾ മാത്രമാണിന്ന് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ നിയന്ത്രണത്തിലുള്ളത്. അമേരിക്കൻ പിന്തുണയോടെ കുർദ് അറബ് സഖ്യസൈന്യം ഈ പ്രദേശങ്ങളിൽ ആക്രമണം തുടരുകയാണ്.
ദേർ അൽ സൂറിലെ ഇസ്ലാമിക് സ്റ്റേറ്റ് ആസ്ഥാനമാണ് സഖ്യസൈന്യം ആക്രമിച്ചത്. സാധാരണക്കാർക്ക് അപകടമൊന്നും സംഭാവിച്ചിട്ടില്ലെന്ന് സഖ്യസൈന്യം അറിയിച്ചു. അതിനിടെ വടക്കൻ സിറിയയിലെ കുർദ് മേഖലകളിൽ തുർക്കി ആക്രമണം തുടരുകയാണ്. സിറിയയിലെ മൻബിജും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ.
അമേരിക്കയുടെ പിന്തുണയോടെ ഐഎസിനെതിരെ പോരാടുന്ന കുർദ്ദുകളെ ആക്രമിക്കുന്നതിൽ അമേരിക്ക അതൃപ്തി അറിയിച്ചിരുന്നു. ഇന്നുരാത്രി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തുർക്കി പ്രസിഡന്റ് തയിപ് എർദോഗനും ഫോണിൽ പ്രശ്നം ചർച്ചചെയ്യുമെന്നാണ് റിപ്പോർട്ട്.