മുംബൈ ∙ധാക്ക ഭീകരാക്രമണം നടത്താന്‍ പ്രചോദനമായെന്ന് ആരോപിക്കപ്പെടുന്ന മുംബൈയിലെ മുസ്‌ലിം പണ്ഡിതൻ സാക്കിർ നായിക്കിന്‍റെ നേതൃത്വത്തിലുള്ള പീസ് ടിവിയ്ക്ക് ബംഗ്ലാദേശിൽ നിരോധനം. നായിക്കിന്‍റെ പ്രസംഗങ്ങൾ ഭീകരർക്കു പ്രചോദനമായെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനം. നായിക്കിന്‍റെ പ്രഭാഷണങ്ങള്‍ പരിശോധിക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ ആസ്ഥാനമായ ഇസ്‌ലാമിക് റിസർച് ഫൗണ്ടേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ് പീസ് ടിവി ബംഗ്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാക്കിർ നായിക്കിന്‍റെ തീവ്രവാദ ബന്ധത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ബംഗ്ലദേശ് സർക്കാർ അറിയിച്ചിരുന്നു. നായിക്കിന്‍റെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നിരോധിക്കുന്നതിന്‍റെ സാധ്യതകളെ കുറിച്ചും പരിശോധിക്കുണ്ടെന്ന് ബംഗ്ലദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ അറിയിച്ചു. 


സാക്കിർ നായിക്കിന്‍റെ ‘പീസ് ടിവി’ ചാനലിന് ഇന്ത്യയിൽ നിരോധനം ഏര്‍പെടുത്തിയിട്ടുന്ടെങ്കിലും ചില കേബിൾ ടിവി ഓപ്പറേറ്റർമാർ ഈ ചാനല്‍ ലഭ്യമാക്കുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ലൈസൻസില്ലാത്ത ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ഓപ്പറേറ്റർമാർക്കു ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്. നിരോധിക്കപ്പെട്ട 24 ചാനലുകൾ രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ ലഭ്യമാണെന്നും ഇതിൽ 11 എണ്ണം പാക്കിസ്ഥാൻ ചാനലുകളാണെന്നും  ഇന്റലിജൻസ് ബ്യൂറോ പറയുന്നു. യൂട്യൂബിൽനിന്നു നായിക്കിന്‍റെ പ്രസംഗങ്ങൾ  നീക്കം ചെയ്യാനും നിർദേശമുണ്ട്.