Belgium | ആറ് മണി കഴിഞ്ഞാൽ ഫോൺ ഓഫാക്കിക്കോ... മുതലാളി വിളിച്ചാൽ എടുക്കണ്ട; ബെൽജിയത്തിലെ പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ
മാനസിക സമ്മർദ്ദം കുറച്ച് ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.
ബ്രസൽസ്: പ്രവർത്തിദിനം ആഴ്ചയിൽ നാല് ദിവസമായി ചുരുക്കാനൊരുങ്ങി ബെൽജിയം. ആഴ്ചയിൽ നാല് ദിവസം ജോലി, മൂന്ന് ദിവസം അവധി എന്ന പരിഷ്കാരത്തിന് ഒരുങ്ങുകയാണ് ബെൽജിയം. രാജ്യത്തെ തൊഴിൽ പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. പുതിയ തൊഴിൽ പരിഷ്കരണത്തിൽ തൊഴിലാളികൾക്ക് ജോലി സമയത്തിന് ശേഷം ജോലി സംബന്ധമായ വിഷയങ്ങളിൽ പ്രതികരിക്കേണ്ടതില്ലെന്ന അവകാശവും നൽകും. മാനസിക സമ്മർദ്ദം കുറച്ച് ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.
പുതിയ തൊഴിൽ പരിഷ്കാരം നിലവിൽ വരുന്നതോടെ ജോലി സമയം കഴിഞ്ഞാൽ ഫോൺ ഓഫാക്കി വയ്ക്കാം. ജോലി സംബന്ധമായ എല്ലാ കാര്യങ്ങളും ജോലി സമയത്തിന് ശേഷം അവഗണിക്കാനും ജീവനക്കാർക്ക് സാധിക്കും. കൂടുതൽ നൂതനവും സുസ്ഥിരവും ഡിജിറ്റലുമായ ഒരു സമ്പദ്‌വ്യവസ്ഥയ്ക്ക് വഴികാട്ടിയാവുകയാണ്. തൊഴിലാളികളെയും ബിസിനസുകളെയും ശക്തമാക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്ന് ബെൽജിയം പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂ പറഞ്ഞു.
നാല് ദിവസം 38 മണിക്കൂർ പ്രവൃത്തി സമയം പൂർത്തീകരിക്കണം. വേരിയബിൾ വർക്ക് ഷെഡ്യൂളുകൾ അഭ്യർത്ഥിക്കാനും തൊഴിലാളികൾക്ക് കഴിയും. നാല് ദിവസത്തെ ജോലി എന്ന തൊഴിലാളിയുടെ അഭ്യർത്ഥന തൊഴിലുടമകൾക്ക് നിരസിക്കാൻ കഴിയും. എന്നാൽ എന്തുകൊണ്ടാണ് ഇക്കാര്യം നിരസിക്കുന്നത് എന്ന് രേഖാമൂലം വ്യക്തമാക്കണം. ഇരുപതിൽ കൂടുതൽ തൊഴിലാളികളുള്ള എല്ലാ തൊഴിലുടമകൾക്കും പുതിയ നിയമം ബാധകമാകും.
തൊഴിൽ പരിഷ്കരണം സംബന്ധിച്ച ഈ കരട് നിയമങ്ങൾക്ക് പാർലമെന്റിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിന് മുന്നോടിയായി തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തും. ഐസ്ലൻഡിൽ തൊഴിൽ ദിനങ്ങൾ നാല് ദിവസമായി കുറച്ച നടപടി വിജയകരമായിരുന്നു. പല യൂറോപ്യൻ രാജ്യങ്ങളിലും ജോലി ദിവസം നാലാക്കി ചുരുക്കുന്നതിനെ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...