ഭീകരാക്രമണ ഭീഷണി: ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചു
പൊതു ജനങ്ങളുടെ സുരക്ഷയ്ണ്ക്കാണ് പ്രധാന്യമെന്നും അതിനാല്‍ അടിയന്തിര തീരുമാനം കൈക്കൊള്ളുകയാണെന്നും ഉത്തരവില്‍ പറയുന്നു.
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരമ്പരയെ തുടര്‍ന്ന് ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫീസാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
പൊതു ജനങ്ങളുടെ സുരക്ഷയ്ണ്ക്കാണ് പ്രധാന്യമെന്നും അതിനാല്‍ അടിയന്തിര തീരുമാനം കൈക്കൊള്ളുകയാണെന്നും ഉത്തരവില്‍ പറയുന്നു. ബുര്‍ഖ മാത്രമല്ല മുഖം മറക്കുന്ന വസ്ത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. ഇത് കൂടാതെ കത്തോലിക്ക പള്ളികള്‍ അടച്ചിടാനും നിര്‍ദ്ദേശം ഉണ്ട്.
സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന് എംപിയായ ആഷു മാരസിംഗയാണ് പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചത്. ശ്രീലങ്കയുടെ ജനസംഖ്യയില്‍ പത്തു ശതമാനവും മുസ്ലീങ്ങളാണ്.
ഈസ്റ്റർ ദിനത്തിൽ കൊളംബോയില്‍ എട്ടിടങ്ങളിലായി നടന്ന സ്ഫോടന പരമ്പരയില്‍ 290 ലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബുർഖ ധരിച്ച സ്ത്രീകളുടെ സാന്നിധ്യം സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശ്രീലങ്കൻ ഭരണകൂടം ബുർഖ നിരോധിക്കാനുള്ള നീക്കം ശക്തമാക്കിയത്.
ഇതുകൂടാതെ ശ്രീലങ്കയിൽ കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കൊളംബോയിലെ അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പും വന്നിരുന്നു. തുടർന്നാണ് അടിയന്തിര നടപടി എന്ന നിലയിൽ ബുർഖ നിരോധിച്ചത്.