ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങൾക്കും പരസ്പരം സ്വീകാര്യമായ പരിഹാരം കാണുമെന്നു ചൈന
ബെയ്ജിങ് ∙ ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങൾക്കും പരസ്പരം സ്വീകാര്യമായ പരിഹാരം കാണുമെന്നു ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ. ചൈന-ഇന്ത്യ ബന്ധം നല്ല രീതിയിലാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്ക് ചൈനയുമായി നിരവധി പ്രശ്നങ്ങളുണ്ടെന്നും അത് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചതിന് പിന്നാലെയാണ് ചൈനയുടെ വിശദീകരണം. ഇരുരാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങളിലെ വ്യത്യാസങ്ങൾ ഇല്ലാതാക്കി മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കും.
വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കാനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം നല്ല രീതിയിൽ തുടരുന്നതിനും ചൈനയുടെ ഭാഗത്തുനിന്നും എല്ലാ ശ്രമങ്ങളും ഉണ്ടാകും. ഉഭയകക്ഷി ബന്ധത്തിലെ പ്രശ്നങ്ങൾ ചർച്ചകളിലൂടെ ചൈന പരിഹരിക്കും. ഉചിതവും വിവേകപൂർണവും പരസ്പരം അനുയോജ്യമായ രീതിയിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.