Taliban: ചൈന അഫ്ഗാനിസ്ഥാനിൽ എംബസി നിലനിർത്തുമെന്ന് താലിബാൻ, അഫ്ഗാനിൽ സർക്കാർ പ്രഖ്യാപനം ഇന്നുണ്ടായേക്കും
കാബൂളിൽ തങ്ങളുടെ എംബസി നിലനിർത്താമെന്ന് ചൈനീസ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞുവെന്ന് താലിബാൻ വക്താവ് അറിയിച്ചു. കാബൂളിൽ താലിബാന്റെ സർക്കാർ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നും റിപ്പോർട്ട്.
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ എംബസി (Embassy) തുറന്ന് പ്രവർത്തിക്കുമെന്നും യുദ്ധത്തിൽ തകർന്ന രാജ്യത്തിന് മാനുഷിക സഹായം നൽകുന്നത് ഉയർത്തുമെന്നും ചൈന (China) വാക്ക് തന്നതായി താലിബാൻ (Taliban) വക്താവ്. കാബൂളിൽ തങ്ങളുടെ എംബസി നിലനിർത്താമെന്ന് ചൈനീസ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞു, കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ചൈന-താലിബാൻ ബന്ധം കൂടുതൽ ശക്തമാകുമെന്നും ഖത്തർ ആസ്ഥാനമായുള്ള താലിബാൻ വക്താവ് (Taliban Spokesperson) സുഹൈൽ ഷഹീൻ ട്വീറ്റ് ചെയ്തു. കോവിഡ് (Covid 19) മഹാമാരിയെ നേരിടാനുള്ള സഹായവും ചൈന വാഗ്ദാനം ചെയ്തതായും താലിബാൻ വക്താവ് അറിയിച്ചു.
കൂടാതെ, മറ്റ് രാജ്യങ്ങളും കാബൂളിലെ തങ്ങളുടെ എംബസികൾ തുറന്നു പ്രവർത്തിക്കണമെന്നും താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാബൂളിൽ വിവിധ രാജ്യങ്ങളുടെ 36 എംബസികളാണ് ഉണ്ടായിരുന്നത്. ഈ രാജ്യങ്ങളിലായി അഫ്ഗാന് 71 എംബസികളും ജനറൽ കോൺസുലേറ്റുകളും ഉണ്ടായിരുന്നു. സമീപകാലത്തെ പ്രശ്നങ്ങൾ കാരണം പല രാജ്യങ്ങളും അഫ്ഗാനിസ്ഥാനിലെ നയതന്ത്ര സാന്നിധ്യം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Also Read: Kabul Airport പിടിച്ചെടുത്ത് താലിബാൻ; വിമാനത്താവളത്തിൽ പരിശോധന നടത്തി
അഫ്ഗാനിസ്ഥാന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദും പറഞ്ഞു. ചൈനയുടെ സഹായത്തോടെയാവും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറപാകുക. വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളി ചൈന ആയിരിക്കും. രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് പറഞ്ഞു.
ചൈനയുടെ New Silk Road പദ്ധതിയെ താലിബാന്‍ പിന്തുണയ്ക്കും. രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ വന്‍തോതിലുള്ള ചെമ്പ് ശേഖരമുണ്ട്. ചൈനയുടെ സഹായത്തോടെ ചെമ്പ് ഖനികള്‍ ആധുനികവത്കരിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും കഴിയും. റഷ്യയേയും പ്രധാന പങ്കാളിയായാണ് താലിബാന്‍ കാണുന്നത്. മോസ്‌കോയുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു.
Also Read: യുഎസ് സേന പിന്‍മാറ്റത്തിന് പിന്നാലെ പാഞ്ച്ഷിറിൽ Taliban ആക്രമണം
അതേസമയം, അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിർ താഴ്വരയിൽ താലിബാനും വടക്കൻ സഖ്യവും തമ്മിൽ യുദ്ധം നടക്കുകയാണ്. പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തിയതായാണ് വടക്കൻ സഖ്യം അവകാശപ്പെടുന്നത്. എത്രയും വേഗം കീഴടങ്ങണമെന്ന് പാഞ്ച്ഷിർ
നേതാക്കൾക്ക് താലിബാൻ അന്ത്യശാസനം നൽകിയതായും പാഞ്ച്ഷിറിന്റെ സുപ്രധാന ഭാഗങ്ങൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെടുന്നു. പാഞ്ച്ഷിറിലേക്കുള്ള എല്ലാ വഴികളും അടച്ച താലിബാൻ വാർത്താവിനിമയ ബന്ധങ്ങൾ അടക്കം വിച്ഛേദിച്ചു.
അതിനിടെ കാബൂളിൽ താലിബാന്റെ സർക്കാർ പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇറാൻ മാതൃകയിൽ പരമോന്നത മത നേതാവുള്ള ഭരണകൂടമാണ് താലിബാൻ പ്രഖ്യാപിക്കുക എന്നാണ് സൂചനകൾ. ഹിബത്തുല്ല അഖുൻസാദാ ആയിരിക്കും പരമോന്നത നേതാവ്.
Also Read: US Troops Withdrawal: അമേരിക്കൻ സേന മടങ്ങി, വെടിയുതിർത്ത് ആഘോഷിച്ച് താലിബാൻ
ഓഗസ്റ്റ് 15 നാണ് താലിബാന്‍ (Taliban) അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തത്. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന സൈനിക ഇടപെടല്‍ അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം ഓഗസ്റ്റ് 31-ന് അഫ്ഗാനില്‍ നിന്ന് പൂര്‍ണമായി പിന്മാറുകയും ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളുടെയെല്ലാം നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്ന് അധികാരം പിടിച്ചശേഷം താലിബാന്‍ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ (Afghanistan) ജനങ്ങള്‍ക്ക് അനുകൂലമായ നയങ്ങള്‍ ഇന്ത്യ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും താലിബാന്‍ വക്താവ് നേരത്തെ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...