ഇടത് തരംഗത്തില്‍ കുലുങ്ങി ലാറ്റിനമേരിക്ക; കൊളംബിയയില്‍ പുതുചരിത്രമെഴുതി പെട്രോ... അമേരിക്കയുടെ ഉറക്കം കെടുത്തുന്ന രാഷ്ട്രീയക്കാറ്റ്
Columbia Left President: പെറു, ഹോണ്ടുറാസ്, ബൊളീവിയ, ചിലി, കൊളംബിയ എന്നിവിടങ്ങളില്‍ ഇടത് സര്‍ക്കാരുകള്‍ അധികാരത്തിലെത്തിക്കഴിഞ്ഞു. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബ്രസീലിലും ഇടത് മുന്നേറ്റത്തിന്റെ സൂചനകളാണ് ലഭിക്കുന്നത്.
ബൊഗോട്ട(കൊളംബിയ): ലാറ്റിമേരിക്കന്‍ രാജ്യങ്ങള്‍ അമേരിക്കയെ സംബന്ധിച്ച് ഭൂമിശാസ്ത്രപരമായി ഏറെ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ രാഷ്ട്രീയം നിയന്ത്രിക്കാന്‍ കോടാനുകോടി ഡോളറുകളാണ് അമേരിക്ക ഓരോ വര്‍ഷവും ചെലവിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ തകര്‍ന്നടിയും മട്ടിലുള്ള രാഷ്ട്രീയ മാറ്റങ്ങളാണ് ഇപ്പോള്‍ മേഖലയില്‍ സംഭവിക്കുന്നത്.
ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊളംബിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഇടതുനേതാവും മുന്‍ ഒളിപ്പോരാളിയും ഒക്കെയായ ഗുസ്താവോ പെട്രോ കൊളംബിയയില്‍ അധികാരത്തിലേറുകയാണ്. കൊളംബിയയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ഇടത് രാഷ്ട്രത്തലവനാണ് പെട്രോ. മറ്റൊരു ചരിത്രവും ഇതോടൊപ്പം രേഖപ്പെടുത്തപ്പെടുന്നു- രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരിയായ വൈസ് പ്രസിഡന്റ് ആയി പെട്രോയുടെ സഹപ്രവര്‍ത്തക ഫ്രാന്‍ഷ്യ മാര്‍ക്വേസും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
ലാറ്റിനമേരിക്കന്‍ ഇടത് ചരിത്രം ലോകമെമ്പാടുമുള്ള ഇടതുപക്ഷ വിശ്വാസികള്‍ക്ക് എന്നും ആവേശം പകരുന്ന ഒന്നാണ്. ഫിദല്‍ കാസ്‌ട്രോ മുതല്‍ ചെഗുവേര വരേയും ഹ്യൂഗോ ഷാവേസ് വരേയും അത് നീളുന്നുണ്ട്. ഇവര്‍ക്കെല്ലാം എതിരെ ആളും അര്‍ത്ഥവും ഇറക്കി അട്ടിമറി ശ്രമങ്ങള്‍ നടത്തിയത് അമേരിക്കയുടെ നേതൃത്വത്തിലായിരുന്നു. പലയിടത്തും അവര്‍ വിജയിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ അമേരിക്കയുടെ ചങ്കിടിപ്പ് കൂട്ടുന്ന ഒരു ഇടത് തരംഗത്തിന്റെ വ്യക്തമായ സൂചനയാണ് ലാറ്റിനമേരിക്കയില്‍ നിന്ന് ലഭിക്കുന്നത്.
ദശാബ്ദങ്ങളായി ഇടത് ഭരണം നിലനില്‍ക്കുന്ന ക്യൂബയെ കൂടാതെ ഒരു പറ്റം രാജ്യങ്ങളില്‍ ഇടത് ഭരണം നിലവില്‍ വന്നിരിക്കുകയാണ് ഇപ്പോള്‍. പെറു, ഹോണ്ടുറാസ്, ബൊളീവിയ, ചിലി, കൊളംബിയ എന്നിവിടങ്ങളില്‍ ഇടത് സര്‍ക്കാരുകള്‍ അധികാരത്തിലെത്തിക്കഴിഞ്ഞു. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബ്രസീലിലും ഇടത് മുന്നേറ്റത്തിന്റെ സൂചനകളാണ് ലഭിക്കുന്നത്. മുന്‍ പ്രസിഡന്റും ഇടതുനേതാവും ആയ ലുലയ്ക്ക് വ്യക്തമായ മുന്നേറ്റം ഇപ്പോള്‍ തന്നെയുണ്ട്. വെനസ്വേലയില്‍ ഇടത് നേതാവ് നിക്കോളാസ് മഡുറോ ആണ് പ്രസിഡന്റ്. മഡുറോയുടെ നേതൃത്വത്തില്‍ വെനസ്വേലയില്‍ നടക്കുന്നത് ഇടത് ഭരണം തന്നെ ആണോ എന്ന ചോദ്യവും ഇതോടൊപ്പം ഉയര്‍ത്തപ്പെടുന്നുണ്ട്.
പക്ഷേ, ലാറ്റിനമേരിക്കയില്‍ ഇപ്പോള്‍ സംഭവിക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ അമേരിക്കയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. കഴിഞ്ഞ ദശാബ്ദത്തിന്റെ തുടക്കത്തില്‍ പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇടത് തരംഗം ആഞ്ഞടിച്ചിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതത്തില്‍ മുതലാളിത്ത, നവലിബറല്‍ നയങ്ങള്‍ നട്ടെല്ലൊടിച്ച രാജ്യങ്ങളിലായിരുന്നു ഈ മാറ്റങ്ങള്‍ സംഭവിച്ചത്. എന്നാല്‍, പലയിടത്തും അതിന്റെ തുടര്‍ച്ച സാധ്യമായില്ല. എന്നത്തേയും എന്നതുപോലെ രാഷ്ട്രീയ അസ്ഥിരത ലാറ്റിനമേരിക്കയില്‍ ശക്തമായി തുടര്‍ന്നു. ഇതിന് ശക്തിപകരാന്‍ അമേരിക്കന്‍ സഹായവും ലഭിച്ചുപോന്നു.
എന്നാലിപ്പോള്‍ ലാറ്റിനമേരിക്കയില്‍ മൊത്തത്തില്‍ ഒരു ഇടത് ഉയിര്‍ത്തെഴുന്നേല്‍പിന്റെ സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. പെറുവില്‍ പെഡ്രോ കാസിലോ, ഹോണ്ടുറാസില്‍ ഷയോമാര കാസ്‌ട്രോ, ചിലയില്‍ ഗബ്രിയേല്‍ ബോറിക്, ബൊളീവിയയില്‍ ലൂച്ചോ എന്ന് വിളിക്കപ്പെടുന്ന ലൂയി ആര്‍കെ, ഒടുവില്‍ കൊളംബിയയില്‍ ഗുസ്താവോ പെട്രോ... അര്‍ജന്റീനയിലും മെക്‌സിക്കോയിലും ഇപ്പോള്‍ തന്നെ സെന്റര്‍-ലെഫ്റ്റ് ഭരണമാണ് നിലനില്‍ക്കുന്നത്. ഈ മുന്നേറ്റം ബ്രസീലിലേക്ക് കൂടി എത്തുമ്പോള്‍ ലാറ്റിനമേരിക്കയുടെ വലിയൊരു ഭാഗം ഇടത് ഭരണങ്ങള്‍ക്ക് കീഴിലാവും.
പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിലും ദേശസാത്കരണത്തിലും ഊന്നിയുള്ളതായിരുന്നു കഴിഞ്ഞ ഇടത് തരംഗത്തിലെ ഭരണങ്ങള്‍ എന്നും അത് പലയിടത്തും പരാജയപ്പെട്ടു എന്നും ഒരു ആക്ഷേപം ലാറ്റിനമേരിക്കന്‍ രാഷ്ട്രീയത്തെ കുറിച്ച് പലരും വിലയിരുത്തുന്നുണ്ട്. പുതിയ തരംഗത്തില്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ എന്ത് നീക്കമായിരിക്കും സംഭവിക്കുക എന്നാണ് ഇവര്‍ ഉറ്റുനോക്കുന്നത്. അന്ന് ആഗോളസാമ്പത്തിക മാന്ദ്യമായിരുന്നു പ്രതിസന്ധി സൃഷ്ടിച്ചതെങ്കില്‍, ഇന്ന് കൊവിഡ് മഹാമാരിയുടെ ആഘാതത്തിലാണ് രാജ്യങ്ങളെല്ലാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...