കോവിഡിന്‍റെ രണ്ടാം വരവില്‍ ആശങ്കയോടെ ലോകം, അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സ്ഥിതി രൂക്ഷം
കോവിഡിനെ അതിജീവിക്കാനാകാതെ പകച്ചു നില്‍ക്കുകയാണ് ലോകം. അതിനിടെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കോവിഡിന്‍റെ ശക്തമായ രണ്ടാം വരവിന്‍റെ ഭീഷണിയിലാണ്.
ന്യൂയോര്‍ക്ക്: കോവിഡിനെ അതിജീവിക്കാനാകാതെ പകച്ചു നില്‍ക്കുകയാണ് ലോകം. അതിനിടെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കോവിഡിന്‍റെ ശക്തമായ രണ്ടാം വരവിന്‍റെ ഭീഷണിയിലാണ്.
കോവിഡ് (COVID-19) രോഗികളുടെ എണ്ണത്തില്‍ കാര്യമായ തോതില്‍ കുറവ് രേഖപ്പെടുത്തിയ പല രാജ്യങ്ങളിലും വീണ്ടും സ്ഥിതി രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്ക, ഇറ്റലി ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും പുതിയ കേസുകളുടെ എണ്ണവും ഒപ്പം മരണസംഖ്യയും കുതിച്ചുയരുകയാണ്.
പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുന്ന അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ അമേരിക്കയില്‍ 84,000ത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 77,299 ആയിരുന്നു ഇതുവരെയുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്.
ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം പിന്നിട്ടു. രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടു. അടുത്തവര്‍ഷം ഫെബ്രുവരി ആകുമ്പോഴേയ്ക്ക് അമേരിക്കയില്‍ കോവിഡ് മരണം അഞ്ച് ലക്ഷം കടന്നേക്കുമെന്നാണ് വിദഗ്ദ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.
അതേസമയം, ബ്രസീല്‍, ഇറ്റലി, ഇറാന്‍, എന്നീ രാജ്യങ്ങളിലും പുതിയ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
ബ്രസീലില്‍ 53 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ബ്രസീല്‍. മരണസംഖ്യ ഒന്നരലക്ഷം കടന്നു.
5,62,705പേര്‍ക്കാണ് ഇറാനില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 37,210 പേര്‍ മരിച്ചു.സ്‌പെയിന്‍, ഫ്രാന്‍സ്, അര്‍ജന്റീന, റഷ്യ എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമാണ്.
ലോകത്താകെ 4.30 കോടി ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,154,761 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 3.17 കോടിപേര്‍ (31,666,683) ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.
Also read: സംസ്ഥാനത്ത് 8253 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 6468 പേർ
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, ഫ്രാന്‍സ്, അര്‍ജന്റീന, കൊളംബിയ, മെക്‌സിക്കോ, പെറു എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍.