Cyclone Mocha: മോഖ ചുഴലിക്കാറ്റിനെ തുടർന്ന് മ്യാൻമറിൽ മണ്ണിടിച്ചിൽ; മൂന്ന് പേർ മരിച്ചു
Cyclone Mocha Hits Myanmar: ഞായറാഴ്ച ഉച്ചതിരിഞ്ഞ് മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് സിറ്റ്‌വെ ടൗൺഷിപ്പിന് സമീപം മണിക്കൂറിൽ 209 കിലോമീറ്റർ (130 മൈൽ) വരെ വേഗതയിൽ കാറ്റ് വീശിയടിച്ചതായി മ്യാൻമറിലെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ധാക്ക: മ്യാൻമർ തീരത്ത് വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ വൻ നാശനഷ്ടങ്ങൾ. ചുഴലിക്കാറ്റിനെ തുടർന്ന് മ്യാൻമറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. ആയിരക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരുന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് സിറ്റ്‌വെ ടൗൺഷിപ്പിന് സമീപം മണിക്കൂറിൽ 209 കിലോമീറ്റർ (130 മൈൽ) വരെ വേഗതയിൽ കാറ്റ് വീശിയടിച്ചതായി മ്യാൻമറിലെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൊടുങ്കാറ്റ് മുമ്പ് ബംഗ്ലാദേശിലെ സെന്റ് മാർട്ടിൻസ് ദ്വീപിന് മുകളിലൂടെ കടന്നുപോയി. ഇത് വൻ നാശനഷ്ടങ്ങളാണ് വരുത്തിയത്. എന്നാൽ, കര തൊടുന്നതിന് മുൻപ് ബംഗ്ലാദേശിൽ നിന്ന് തിരിഞ്ഞുപോയി. സിറ്റ്‌വെയിലെ നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമല്ല. ഞായറാഴ്ച പുലർച്ചെ, ശക്തമായ കാറ്റിൽ സെൽ ഫോൺ ടവറുകൾ തകർന്നു. മിക്ക പ്രദേശങ്ങളിലെയും ആശയവിനിമയം തകരാറിലായി. കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതായും ആളുകൾ അവരുടെ വീടുകളിൽ കുടുങ്ങിയതായും റാഖൈൻ ആസ്ഥാനമായുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറ്റ്‌വെ, ക്യുക്‌പ്യു, ഗ്വാ ടൗൺഷിപ്പുകളിലെ വീടുകൾ, ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറുകൾ, സെൽ ഫോൺ ടവറുകൾ, ബോട്ടുകൾ എന്നിവ കൊടുങ്കാറ്റിൽ തകർന്നതായി മ്യാൻമറിലെ സൈനിക ഓഫീസ് അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ യാങ്കൂണിന്റെ തെക്കുപടിഞ്ഞാറായി 425 കിലോമീറ്റർ (264 മൈൽ) അകലെയുള്ള കൊക്കോ ദ്വീപുകളിലെ സ്‌പോർട്‌സ് കെട്ടിടങ്ങളുടെ മേൽക്കൂരയും കൊടുങ്കാറ്റിൽ തകർന്നു.
സിറ്റ്‌വെയിലെ മൂന്ന് ലക്ഷം നിവാസികളിൽ നാലായിരത്തിലധികം പേരെ മറ്റ് നഗരങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 20,000-ത്തിലധികം ആളുകൾ നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ഉള്ള കെട്ടിടങ്ങളിൽ അഭയം പ്രാപിച്ചുവെന്നും അഭയകേന്ദ്രങ്ങളിൽ സന്നദ്ധസേവനം നടത്തുന്ന ടിൻ നൈൻ ഓ പറഞ്ഞു. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയതിനെത്തുടർന്ന് സിറ്റ്‌വെയിലെ ഷെൽട്ടറുകളിൽ ആവശ്യത്തിന് ഭക്ഷണം ഉണ്ടായിരുന്നില്ലെന്ന് പ്രാദേശിക ചാരിറ്റബിൾ ഫൗണ്ടേഷന്റെ ചെയർമാൻ ലിൻ ലിൻ പറഞ്ഞു.
കൊടുങ്കാറ്റ് നാശം വിതച്ച പ്രദേശത്തേക്ക് ഭക്ഷണവും മരുന്നും മെഡിക്കൽ ഉദ്യോഗസ്ഥരെയും അയക്കാൻ സൈനിക സർക്കാർ ഒരുങ്ങുന്നതായി മ്യാൻമർ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. റാഖൈനിൽ ആഞ്ഞടിച്ച ശേഷം, ചുഴലിക്കാറ്റ് ദുർബലമായി. ചുഴലിക്കാറ്റ് തിങ്കളാഴ്ച വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ ചിനിലും മധ്യപ്രദേശങ്ങളിലും ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തച്ചിലിക് ടൗൺഷിപ്പിലെ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ദമ്പതികൾ മരിച്ചു. സെൻട്രൽ മാൻഡലേ മേഖലയിലെ പൈൻ ഓ എൽവിൻ ടൗൺഷിപ്പിൽ മരം കടപുഴകി വീണു ഒരാൾ മരിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശ് നഗരമായ കോക്‌സ് ബസാറിലെ അധികാരികൾ, ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചതായി നേരത്തെ വ്യക്തമാക്കിയിരുന്നു. ബംഗാൾ ഉൾക്കടലിലെ സെന്റ് മാർട്ടിൻസ് ദ്വീപിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും മഴയും തുടർന്നു. എന്നാൽ, ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരം കടക്കാൻ തുടങ്ങിയതിനാൽ വേലിയേറ്റം ഉണ്ടായില്ലെന്ന് ധാക്ക ആസ്ഥാനമായുള്ള ടിവി സ്റ്റേഷൻ റിപ്പോർട്ട് ചെയ്തു.
2008 മെയ് മാസത്തിൽ നർഗീസ് ചുഴലിക്കാറ്റ് മ്യാൻമറിൽ ആഞ്ഞടിച്ച് ചുറ്റുമുള്ള ജനവാസ മേഖലകളെ തകർത്തിരുന്നു. ദുരന്തത്തിൽ 1,38,000 പേർ മരിക്കുകയും പതിനായിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും നശിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം കാരണം ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റുകൾ കൂടുതൽ വേഗത്തിൽ തീവ്രമാകുന്നതായി പൂനെ നഗരത്തിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ റോക്സി മാത്യു കോൾ പറഞ്ഞു. അംഫാൻ ചുഴലിക്കാറ്റ് 2020 ൽ ഇന്ത്യയിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കി. ചുഴലിക്കാറ്റുകൾക്ക് കൂടുതൽ ദിവസത്തേക്ക് ഊർജ്ജം നിലനിർത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.. 2020-ൽ കിഴക്കൻ ഇന്ത്യയിലുണ്ടായ അംഫാൻ ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി കരയിലൂടെ സഞ്ചരിക്കുകയും വ്യാപകമായ നാശം വിതയ്ക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...