ഫ്യൂഗോ അഗ്നിപർവത വിസ്ഫോടനം: മരണം 90 കവിഞ്ഞു
ഗ്വാട്ടിമാല സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടായെന്ന് റിപ്പോർട്ട്. ഫ്യൂഗോ അഗ്‌നിപര്‍വതം പൊട്ടിയതുമൂലം ജീവഹാനി സംഭവിച്ചവരുടെ എണ്ണം 90 ആയി. ഇരൂന്നൂറിലധികം പേരെയാണ് കാണാതായിരിക്കുന്നത്.
ഞായറാഴ്ച ഉണ്ടായ പൊട്ടിത്തെറിയിൽ നിരവധിപ്പേരെ കാണാതാവുകയും ആയിരത്തിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വീണ്ടും പൊട്ടിത്തെറിയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദേശത്തു നിന്നും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ആദ്യത്തെ സ്ഫോടനത്തില്‍ അതിശക്തമായി ചാരവും പുകയും പാറക്കല്ലുകളും തെറിച്ചു വീണതിനാല്‍ വിമാനഗതാഗതമടക്കം തടസപ്പെട്ടിരുന്നു.
സ്‌ഫോടനത്തെത്തുടര്‍ന്ന് 16,000 അടി ഉയരത്തിലേക്ക് ചാരവും പുകയും ഉയര്‍ന്നു. ലാവാ പ്രവാഹത്തില്‍ ചെറുഗ്രാമങ്ങള്‍ മൂടിപ്പോയി. സമീപഗ്രാമങ്ങളും ചാരവും മണ്ണും കൊണ്ട് നിറഞ്ഞു. വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ പറന്ന ചാരം വാഹനങ്ങളുടെ മുകളിലും വീടുകളിലും പതിച്ചതോടെ ജനജീവിതം സ്തംഭനാവസ്ഥയിലായി.
രണ്ടായിരത്തോളം ആളുകള്‍ കുടുംബസമേതം ഇവിടങ്ങളില്‍ നിന്ന് പലായനം ചെയ്‌തു. ഗ്വാട്ടിമാലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്നു ഇവിടം. 12346 അടി ഉയരത്തിലാണ് സ്‌ഫോടനം നിമിത്തമുണ്ടായി ചാരം വ്യാപിച്ചിരിക്കുന്നത്. ഗ്വാട്ടിമാലയില്‍ പ്രധാനമായും രണ്ട് സജീവ അഗ്നിപര്‍വ്വതങ്ങളുണ്ട്, സാന്റിയാഗിറ്റോയും ഫ്യൂഗോയും. അതിലൊന്നിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്.