ന്യൂഡല്‍ഹി: വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഗസ്റ്റ് 24 മുതല്‍ 26 വരെ ഫ്രാന്‍സിലെ ബിയാര്‍ട്ടീസില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. 


റാഫേല്‍ വിമാന ഇടപാട് സംബന്ധിച്ച വിവാദത്തിന് ശേഷമുള്ള മോദിയുടെ ആദ്യ ഫ്രാന്‍സ് യാത്രയാണിത്. ഇന്ത്യയ്ക്ക് ഫ്രാന്‍സ് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ നല്‍കാനിരിക്കയാണ് ജി-7 ഉച്ചകോടിയിലേയ്ക്ക് പ്രധാനമന്ത്രിക്കുള്ള ക്ഷണം.


യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ജി-7 കൂട്ടായ്മയിലുള്ളത്. 1981 മുതല്‍ യൂറോപ്യന്‍ യൂണിയനും ജി-7 ഉച്ചകോടിയില്‍ പങ്കെടുത്തു വരുന്നു. 45ാമത്തെ ജി-7 ഉച്ചകോടിയാണ് ഫ്രാന്‍സിലെ ബിയാര്‍ട്ടീസില്‍ നടക്കുക.


അതേസമയം, ഭാരതം പ്രധാന സാമ്പത്തിക ശക്തിയായി വളരുന്നുവെന്നത് അംഗീകരിക്കപ്പെട്ടതിന്‍റെ തെളിവാണ് വികസിത രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഉച്ചകോടിയിലേക്കുള്ള ക്ഷണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപ്രധാനപരമായ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ക്ഷണം ഉതകും. ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചുവെന്നും സന്ദര്‍ശനവേളയില്‍ ഇമ്മാനുവല്‍ മക്രോണുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.