സിറിയയിൽ ഭരണം പിടിച്ചെടുത്തെന്ന വിമത സേനയുടെ പ്രഖ്യാപനത്തോടെ തിരശ്ശീല വീണത് 54 വർഷത്തെ കുടുംബവാഴ്ചയ്ക്കും, 13 വർഷമായി നടന്ന് കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്കുമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2011 ജനുവരി 14ന് ടുണീഷ്യയിൽ പൊട്ടി പുറപ്പെട്ട അറബ് വസന്തത്തിന്റെ തുട‍ർച്ചയായിരുന്നു ലിബിയ, ഈജിപ്ത്, യെമൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര കലാപങ്ങൾ. രാജ്യങ്ങൾ പലതായിരുന്നെങ്കിലും എല്ലാവരുടെയും പോരാട്ടം ഏകാധിപത്യ ഭരണകൂടത്തിനെതിരെയായിരുന്നു. 


ടുണീഷ്യയിലെ സിദി ബോസിദ് എന്ന ചെറുപട്ടണത്തിൽ 2010 ഡിസംബർ 17ന്  മുഹമ്മദ് ബൊസിസി എന്ന യുവാവ് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തതോടെയായിരുന്നു പ്രക്ഷോഭങ്ങൾക്ക് തുടക്കമായത്.


ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും ജോലി കിട്ടാതിരുന്ന മുഹമ്മദ് ഉന്തുവണ്ടിയിൽ പച്ചക്കറി വിറ്റ് ഉപജീവനം നടത്തുകയായിരുന്നു. എന്നാൽ പെർമിറ്റില്ലാതെ തെരുവ് കച്ചവടം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് ഒരു പോലീസ് കോൺസ്റ്റബിൾ അവനോട് കൈക്കൂലി ചോദിച്ചു. വിസമ്മതിച്ചപ്പോൾ, അവനെ മർദിക്കുകയും സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. 


Read Also: രേഖകൾ ഹാജരാക്കാനായില്ല; റഹീമിന്റെ മോചനം വൈകും


ടുണീഷ്യയിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് ഇത് കാരണമായി. ഭരണകൂടത്തിനെതിരെ ജനങ്ങൾ സംഘടിച്ചു. 23 വർഷമായി ടുണീഷ്യ അടക്കിഭരിച്ചിരുന്ന സൈനൽ ആബിദീൻ ബിൻ അലിയുടെ പതനത്തിന് ഈ പ്രക്ഷോഭങ്ങൾ വഴിവെച്ചു. അറബ് വസന്തത്തിന്റെ തുടക്കമിതായിരുന്നു. പിന്നാലെ സമാനരീതിയിൽ ഏകാധിപത്യ ഭരണം നിലനിന്നിരുന്ന സിറിയ പോലുള്ള രാജ്യങ്ങളിലേക്ക് അറബ് വസന്തം പടർന്നു. 


18 വർഷമായി സിറിയ ഭരിച്ചിരുന്ന ബാഷർ അൽ അസദിനെതിരെയായിരുന്നു പ്രക്ഷോഭം. 1971ൽ ബാത്ത് പാർട്ടിയുടെ കീഴിൽ അസദിന്റെ പിതാവ്, ഹഫീസ് അൽ അസദ് ഭരണം സ്ഥാപിച്ചതു മുതൽ അൽ-അസാദ് കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു സിറിയ. 2000-ൽ ഹഫീസിൻ്റെ മരണശേഷം മകൻ ബാഷർ അൽ അസദ് അധികാരമേറ്റു. ഈ കുടുംബവാഴ്ചയ്ക്കും ഏകാധിപത്യ ഭരണത്തിനുമെതിരെ അസ്വാരസ്യങ്ങൾ തുടങ്ങിയിട്ട് കാലം കുറെയായിരുന്നു. എന്നാൽ അറബ് വസന്തത്തിന്റെ ഉദയം അതിന്റെ ആക്കം കൂട്ടി. 


ജനാധിപത്യമെന്ന ആവശ്യത്തിൽ പ്രക്ഷോഭക‍ർ ഭരണകൂടത്തിനെതിരെ തിരിഞ്ഞു. അസാദിന് പിന്തുണയുമായി ഇറാനും റഷ്യയുമെത്തിയപ്പോൾ അമേരിക്കയും ചില അറബ് രാഷ്ട്രങ്ങളും പ്രക്ഷോഭകർക്ക് പിന്തുണ അറിയിച്ചു.


Read Also: ശബരിമലയിലെ ദിലീപിന്റെ വിഐപി ദർശനം; നാല് പേർക്കെതിരെ നടപടി 


സുന്നി, ഷിയ വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുതയും മുസ്ലീം - ജൂത വിരോധവും, ആയുധക്കച്ചവടം ലക്ഷ്യമിടുന്ന അമേരിക്കയും റഷ്യയും കൂടിച്ചേ‍ർന്നപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര കലാപത്തിലേക്ക് സിറിയ മാറി. ലക്ഷക്കണക്കിന് ആളുകൾ മരിച്ച് വീണു. ദശലക്ഷക്കണക്കിന് സിറിയക്കാർ പലായനം ചെയ്തു. സമ്പദ് വ്യവസ്ഥ തകർന്നു. 


സിറിയയുടെ കുറച്ച് സ്ഥലം വിമതരുടെ നിയന്ത്രണത്തിലായപ്പോൾ ബാക്കിയുള്ളയിടത്ത് അസദ് അധികാരം ഉറപ്പിച്ച് നിർത്തി. കടുത്ത ആക്രമണങ്ങളിലൂടെ പ്രക്ഷോഭകരെ ചെറുത്തു.


എന്നാൽ നവംബർ അവസാനത്തോടെ വടക്കുപടിഞ്ഞാറൻ സിറിയ ആസ്ഥാനമായുള്ള പ്രതിപക്ഷ സംഘടനകൾ നടത്തിയ അപ്രതീക്ഷിത ആക്രമണം സ്ഥിതി​ഗതികൾ മാറ്റി. ഇറാനും റഷ്യയും അവരുടേതായ യുദ്ധമുഖങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അസദിന് പരാജയം സമ്മതിക്കേണ്ടി വന്നു. 54 വ‍ർഷത്തെ കുടുംബവാഴ്ച അവസാനിപ്പിച്ച് ഭരണ നിയന്ത്രണം വിമത സേന പിടിച്ചെടുത്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.