Part-Time Jobs in UAE: മാസം 10,000 ദിർഹം വരെ അധികം സമ്പാദിക്കാം; യുഎഇ-ൽ പാർട്ട് ടൈം ജോലിക്ക് വൻ ഡിമാൻഡ്
ഫേസ്ബുക്ക്, ഗൂഗിൾ, ആപ്പിൾ, സിസ്കോ, എമിറേറ്റ്സ് എയർലൈൻ തുടങ്ങിയ വ്യവസായ ഭീമന്മാരുടെ കേന്ദ്രമായ യുഎഇ-ൽ നിരവധി അവസരങ്ങൾ ജീവനക്കാർക്ക് ലഭിക്കും
സ്ഥിരവരുമാനത്തിന്റെ കൂടെ അധിക വരുമാനം കൂടി കിട്ടിയാൽ എങ്ങനുണ്ടാകും, നല്ലതല്ലേ? അതിനുള്ള അവസരമാണ് ഇപ്പോൾ യുഎഇയിൽ ലഭിക്കുന്നത്. ജീവനക്കാർക്ക് അധിക വരുമാനം നേടാൻ സാധിക്കുന്ന നിരവധി പാർട്ട് ടൈം ജോലികൾ രാജ്യത്തുണ്ട്. പാർട്ട് ടൈം ജോലികൾക്ക് ഇപ്പോൾ വലിയ ഡിമാൻഡും ആയിരിക്കുകയാണ്. പ്രതിമാസം വരുമാനം വലിയ തോതിൽ ഉയർത്താൻ ഇതിലൂടെ ജീവനക്കാർക്ക് സാധിക്കുന്നു. നിങ്ങൾ സ്ഥിരമായി ചെയ്യുന്ന ജോലിക്ക് പുറമെയാണ് ഇത്തരത്തിലൊരു സംവിധാനം കൂടി രാജ്യത്ത് പ്രാബല്യത്തിലുള്ളത്.
പാര്‍ട്ട് ടൈം ജോലി വഴി പ്രതിമാസം 10,000 ദിര്‍ഹം മുതല്‍ സമ്പാദിക്കാന്‍ അവസരം ലഭിക്കുമെന്നാണ് രാജ്യത്തെ തൊഴില്‍ മേഖലകളിലുള്ളവര്‍ പറയുന്നത്. യുഎഇ നിയമപ്രകാരം, മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ നിന്ന് പെര്‍മിറ്റ് എടുത്ത ഒരു ജീവനക്കാരന് ഒന്നിലധികം ജോലികൾ ചെയ്യാൻ സാധിക്കും. ഉയർന്ന മത്സരം നടക്കുന്ന യുഎഇ മാർക്കറ്റിൽ നിരവധി ബഹുരാഷ്ട്ര കമ്പനികൾക്കും വലിയ സ്ഥാപനങ്ങൾക്കും പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്യാൻ കഴിയുമെന്നാണ് റിക്രൂട്ടർമാരുടെയും ഹ്യൂമൻ റിസോഴ്‌സ് പ്രൊവൈഡർമാരുടെയും അഭിപ്രായം.
മണിക്കൂര്‍ അടിസ്ഥാനത്തില്‍ ചെയ്യുന്ന ഇത്തരം ജോലികള്‍ക്ക് വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച വേതനമാണ് ഓരോ കമ്പനിയും നൽകുന്നത്. ജീവനക്കാരുടെ കഴിവ്, കമ്പനിയുടെ സ്വഭാവം, സ്റ്റാറ്റസ്, വലിപ്പം തുടങ്ങിയവയെ ആശ്രയിച്ചാണ് കമ്പനി ശമ്പളം വാഗ്ദാനം ചെയ്യുന്നത്. ഉദ്യോഗാര്‍ത്ഥിയെ റിക്രൂട്ട് ചെയ്യാനുള്ള കമ്പനിയുടെ അടിയന്തര ആവശ്യവും പരിഗണിക്കും. ഈ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വേതനം വ്യത്യാസപ്പെടാം. ജോലിയുടെ സ്വഭാവവും ഗൗരവവും അനുസരിച്ചാണ് പാര്‍ട്ട് ടൈം ജോലിയില്‍ നിന്നുള്ള വരുമാനം കണക്കാക്കുന്നത്. ചുരുങ്ങിയത് 4,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ ഒരാൾക്ക് പ്രതിമാസം നേടാൻ സാധിക്കും.
Also Read: Indian Rupee: ഇന്ത്യന്‍ രൂപയ്ക്ക് സർക്കാർ അംഗീകൃത വിദേശ കറൻസി പദവി നൽകി ശ്രീലങ്ക
ഹ്രസ്വകാല പ്രോജക്റ്റുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കമ്പനിയെ സഹായിക്കുന്ന ഒരു സംവിധാനം കൂടിയാണ് പാർട്ട് ടൈം ജോലികൾ. ആവശ്യത്തിന് അനുസരിച്ച്, ആവശ്യമുള്ള സമയങ്ങളില്‍ മാത്രം ജീവനക്കാരെ ഇവർക്ക് റിക്രൂട്ട് ചെയ്താൽ മതി.
വ്യവസായ ഭീമന്മാരായ ഫേസ്ബുക്ക്, ഗൂഗിൾ, ആപ്പിൾ, സിസ്കോ, എമിറേറ്റ്സ് എയർലൈൻ തുടങ്ങിയവയുടെ കേന്ദ്രമാണ് യുഎഇ. അതുകൊണ്ട് തന്നെ വലുതും ചെറുതുമായ ഇടത്തരം സംരംഭങ്ങൾക്ക് (എസ്എംഇ), പ്രാദേശിക, അന്തർദേശീയ കമ്പനികൾക്ക് എല്ലാം പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്യാൻ സാധിക്കും. വൻകിട കമ്പനികൾക്ക്, പ്രത്യേകിച്ച് ബഹുരാഷ്ട്ര കോർപ്പറേഷനുകൾക്ക് ആകർഷകമായ പാർട്ട് ടൈം പാക്കേജുകൾ നൽകുന്നതിന് കൂടുതൽ വിഭവങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ എസ്എംഇകൾ അൽപ്പം കുറഞ്ഞ പ്രതിഫലം ആയിരിക്കും നൽകുക, പക്ഷേ കൂടുതൽ ഫ്ലെക്സിബിൾ ആയിരിക്കും.
ഇത്തരത്തിൽ അധിക വരുമാനം നേടാൻ സാധിക്കുന്നതിനാൽ പാർട്ട് ടൈം ജോലികൾക്ക് വലിയ ഡിമാൻഡ് ആണ് യുഎഇ-ൽ. പാർട്ട് ടൈം ജോലികൾക്കായി നിരവധി പേരാണ് അപേക്ഷിക്കുന്നതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്, കസ്റ്റമർ സർവീസ് പ്രതിനിധി, കണ്ടന്റ് ക്രിയേറ്റർ, ഫുഡ് ഡെലിവറി ഡ്രൈവർ, സോഷ്യൽ മീഡിയ മാനേജർ, ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, ഇവന്റ് കോർഡിനേറ്റർ, ബ്രാൻഡ് അംബാസഡർ അല്ലെങ്കിൽ പ്രൊമോട്ടർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, വെബ് ഡെവലപ്പർ, ഗ്രാഫിക് ഡിസൈനർ, ഐടി കൺസൾട്ടന്റ്, നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ, സെയിൽസ് അസോസിയേറ്റ് തുടങ്ങിയ റോളുകളാണ് കമ്പനികൾ ഓഫർ ചെയ്യുന്നത്. ഇമോഷണൽ ഇന്റലിജൻസ്, ക്രിട്ടിക്കൽ തിങ്കിംഗ്, പ്രോബ്ലം സോൾവിംഗ്, കസ്റ്റമർ സെൻട്രിസിറ്റി തുടങ്ങിയ റോളുഖൽക്കായും ആളുകളെ തേടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...