വാഷിങ്​ടൺ:  ഫാസ്റ്റ്ട്രാക്ക് രീതിയിൽ എച്ച് 1ബി വീസയ്ക്കുള്ള അപേക്ഷകൾ പരിഗണിക്കുന്നതിന് യുഎസിൽ താൽക്കാലിക വിലക്ക്. ഏപ്രിൽ മുതൽ ആറ്​ മാസത്തേക്കാണ്​ നിരോധനം. ഇന്ത്യയുടെ എതിർപ്പ്​ മറികടന്നാണ്​ അമേരിക്കയുടെ നടപടി. ഫാസ്റ്റ് ട്രാക്ക് രീതിയിലുള്ള അപേക്ഷകളാണ് പരിഗണിക്കാതിരിക്കുകയെന്നാണ് വിവരം.


COMMERCIAL BREAK
SCROLL TO CONTINUE READING

വിസ പരിഷ്കരണം ട്രംപ്​ ഭരണത്തിലെ തങ്ങളുടെ പുതിയ കുടിയേറ്റ നയത്തി​ന്‍റെ ഭാഗമാണെന്നും ഇത്​ അമേരിക്കൻ സമ്പദ്​വ്യവസ്​ഥയെ ശക്​തിപ്പെടുത്തുമെന്നും യു.എസ് വൃത്തങ്ങൾ അറിയിച്ചു. പുതിയ നടപടിക്കെതിരെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്​ ജയശങ്കറും വ്യവസായ സെക്രട്ടറിയും യു.എസ്​ ഉദ്യോഗസ്​ഥരുമായി ചർച്ച നടത്തുകയും ഇന്ത്യയുടെ ആശങ്ക അറിയിക്കുകയും ചെയ്​തിരുന്നു.​ 


വീസാ നിരോധനം ഉദ്യോഗാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന. ആറുവര്‍ഷ കാലാവധിയില്‍ നിരവധി ഇന്ത്യക്കാരും വ്യവസായികളും അമേരിക്കയിൽ താമസിക്കുന്നുണ്ട്. പുതിയ ഉത്തരവ് ഇവര്‍ക്കെല്ലാം തിരിച്ചടിയാവും. 4,00,000 ഇന്ത്യക്കാര്‍ അമേരിക്കയിൽ ഉണ്ടെന്നാണ് കണക്ക്.


നേരത്തെ, ട്രംപ് ഭരണകൂടം എച്ച്1ബി വീസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചിരുന്നു. എച്ച്1ബി വീസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നത് ട്രംപിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.