വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ ഹിലാരി ക്ലിന്റണ്‍ എതിരാളിയായ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 11 ശതമാനം അധികം വോട്ടുകള്‍ നേടുമെന്ന് സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ട്രംപിനുണ്ടായിരുന്ന മുന്‍തൂക്കം നഷ്ടപ്പെടുന്നതിന്റെ സൂചനയാണിത്.വെള്ളിയാഴ്ച്ച റോയിട്ടേഴ്‌സ്/ഇപ്‌സോസ് പുറത്തുവിട്ട സര്‍വേഫലമാണിത് വെളിപ്പെടുത്തുന്നത്. 


മെയ് 30നും ജൂണ്‍ 3നും ഇടയിലുള്ള ദിവസങ്ങളില്‍ 1421 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേരും ക്ലിന്റണെ പിന്തുണക്കുന്നവരായിരുന്നു. അതേസമയം 35 ശതമാനം പേര്‍ ട്രംപിനെ പിന്തുണച്ചു. 19 ശതമാനം പേര്‍ ഇരുവര്‍ക്കും വോട്ട് ചെയ്യില്ലെന്ന് വ്യക്തമാക്കി. അടുത്ത നവംബറിലാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടന്നത്. മറ്റ് ആറ് സര്‍വേ ഫലങ്ങളും ക്ലിന്റണ്‍ 47 ശതമാനം വോട്ടുകളും ട്രംപ് 41 ശതമാനം വോട്ടുകളും നേടുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ട്രംപിന്റെ 41 ശതമാനത്തിനെതിരെ 47 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് സി.എന്‍.എന്‍ നടത്തിയ സര്‍വേ പറയുന്നത്.