ഹെയ്തി: ഹെയ്തിയില്‍ ആഞ്ഞടിച്ച മാത്യു ചുഴിലക്കാറ്റില്‍ മരണസംഖ്യ 850 കടന്നതായി റിപ്പോര്‍ട്ട്. ഫ്‌ളോറിഡയില്‍ അപകടത്തില്‍ പെട്ടവരുടെ കണക്ക് ലഭിച്ചിട്ടില്ലെങ്കിലും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

വന്‍ നാശ നഷ്ടമാണ് ഫ്‌ളോറിഡയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.അനേകം വീടുകള്‍ക്ക് കേടുപാടു കള്‍ സംഭവിച്ചിട്ടുണ്ട്. ഹെയ്തിക്കു പുറമേ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, സെന്റ് വിന്‍സന്റ്, ഗ്രാനഡ എന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചു. ഫ്‌ളോറിഡാ തീരത്ത് കനത്ത മഴയോടെയാണ് കാറ്റ് വീശിത്തുടങ്ങിയത്.


വന്‍കരുതല്‍ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. കാറ്റ് അടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം അടിക്കുന്ന ശക്തിയേറിയ കാറ്റാണിത്. അതിശക്തമായ നാലാം ഗണത്തില്‍പെട്ട കൊടുങ്കാറ്റ കടന്നു വന്ന വഴികളിലെല്ലാം വന്‍ നാശമാണ് വിതച്ചിട്ടുള്ളത്.


കൊടുങ്കാറ്റ് ഭീഷണി ഉയര്‍ത്തുന്ന ഫ്‌ളോറിഡയിലെ വിവിധ മേഖലകളില്‍ നിന്ന് 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തീരത്തിനുസമാന്തരമായാണ് കാറ്റിന്‍റെ ഗതി. മാത്യു ഭീഷണിയെ തുടര്‍ന്ന് പ്രസിഡന്റ് ബരാക് ഒബാമ ഫ് ളോറിഡ, ജോര്‍ജിയ, സൗത്ത് കരോലിന എന്നിവിടങ്ങളില്‍ ഇന്നലെ തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ നിന്ന് 40 ലക്ഷത്തോളം പേരേ ഒഴിപ്പിച്ചു.


ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായ് യു എസ് ഒമ്പത് ഹെലികോപ്റ്ററുകളും 100 സൈനീകരേയും ഹെയ്തിയിലേക്ക് അയക്കും. കാറ്റിനു ശേഷവും പകര്‍ച്ചവ്യാദികള്‍ പടരുന്നത് തടയുക എന്നതാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. നഗരങ്ങളിലെ കെട്ടിടങ്ങളില്‍ 80 ശതമാനവും തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 11,000ത്തോളം ആളുകള്‍ താത്കാലിക അഭയകേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്.