കറാച്ചി: ഇന്ത്യയുടെ ശക്തി പാക്കിസ്ഥാനേക്കാള്‍ പതിന്മടങ്ങാണെന്ന് സമ്മതിച്ച് മുന്‍ രാഷ്‌ട്രപതി പര്‍വേസ് മുഷറഫ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ പാക്‌ ബന്ധം വഷളാവുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം പാക്കിസ്ഥാന്‍ ഇന്ത്യയുടെ നേര്‍ക്ക്‌ അണ്വായുധം പ്രയോഗിക്കുമെന്നത് വെറും അഭൂഹം മാത്രമാണെന്നും പറഞ്ഞു. 


അണ്വായുധത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ ഏറെ മുന്നിലാണെന്നും നമ്മള്‍ ഒരു അണുബോംബിട്ടാല്‍ അവര്‍ 20 ബോംബുകളിട്ട് പാക്കിസ്ഥാനെ എന്നന്നേക്കുമായി ഇല്ലാതാക്കുമെന്നും പര്‍വേസ് മുഷറഫ് പറഞ്ഞു.


ഇന്ത്യ-പാക് ബന്ധം വളരെ അപകടകരമായ അവസ്ഥയിലേയ്ക്കാണ് നീങ്ങുന്നത്‌. രണ്ടു രാജ്യങ്ങളുടെ പക്കലും അണുബോംബുകള്‍ ഉണ്ട്. ഒരു ആറ്റം ബോംബുമായി പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ പോയാല്‍ അവര്‍ തിരിച്ചു 20 ബോംബിടും. ആദ്യം തന്നെ ഇന്ത്യക്കു നേരെ 50 ബോംബിടാന്‍ ശേഷിയുണ്ടെങ്കില്‍ മാത്രമേ ആക്രമണത്തിനു പോകാവൂ എന്നും മുഷറഫ് മുന്നറിയിപ്പ് നല്‍കി. 


ഒപ്പം, ആദ്യം തന്നെ 50 അണുബോംബ് ഇന്ത്യയ്ക്ക് നേരെ പ്രയോഗിക്കാന്‍ നിങ്ങള്‍ തയാറാണോ എന്നാണ് പാക് ഭരണക്കൂടത്തോടു മുഷറഫ് ചോദിച്ചത്.


ലോകത്തെ അണ്വായുധശേഷിയുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍, അമേരിക്ക, റഷ്യ, പാക്കിസ്ഥാന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. ലോകത്താകെയുള്ള അണ്വായുധങ്ങളില്‍ 92 ശതമാനവും റഷ്യയുടെയും അമേരിക്കയുടെയും കൈവശമെന്നാണ് റിപ്പോര്‍ട്ട്.


അണ്വായുധങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയെക്കാള്‍ അല്‍പം മുന്നിലാണ് പാക്കിസ്ഥാന്‍. അതേസമയം, എണ്ണത്തില്‍ കുറവെങ്കിലും ഗുണത്തില്‍ മികച്ച ആയുധങ്ങളാണ് ഇന്ത്യയുടെ പക്കലുള്ളവ. അതേസമയം, ഇന്ത്യയുടേതിനേക്കാള്‍ ഇരട്ടി അണ്വായുധങ്ങള്‍ ചൈനയുടെ പക്കലുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.