ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് രാജ്യത്തുടനീളമുള്ള മൊബൈൽ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നിർത്തിവച്ചു. പ്രതിഷേധങ്ങളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി ചൊവ്വാഴ്ച രാജ്യത്തുടനീളമുള്ള മൊബൈൽ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നിർത്തിവച്ചതായി ഡോൺ റിപ്പോർട്ട് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം രാജ്യത്തുടനീളം ഇൻറർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചതായി പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. പിടിഐ ചെയർമാൻ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് പാകിസ്ഥാനിലുടനീളം ട്വിറ്റർ, ഫേസ്ബുക്ക്, യുട്യൂബ് എന്നിവ ഉപയോ​ഗിക്കുന്നത് നിരോധിച്ചിരിക്കുന്നതെന്ന് ഇന്റർനെറ്റ് തകരാറുകൾ ട്രാക്ക് ചെയ്യുന്ന സംഘടനയായ നെറ്റ്ബ്ലോക്ക്സ് പറഞ്ഞു.


അൽ ഖാദിർ ട്രസ്റ്റ് കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്നാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന്, ലാഹോർ, റാവൽപിണ്ടി, ഇസ്ലാമാബാദ്, ഫൈസലാബാദ്, കറാച്ചി, ക്വറ്റ, മർദാൻ, ബന്നു, ചിലാസ് എന്നിവയുൾപ്പെടെ പാക്കിസ്ഥാനിലുടനീളം പിടിഐ പ്രവർത്തകർ പ്രതിഷേധം നടത്തുന്നുണ്ട്. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പ്രവർത്തകർ പ്രതിഷേധത്തിനിടെ വീടുകൾക്കും ഓഫീസുകൾക്കും വാഹനങ്ങൾക്കും നേരെ കല്ലെറിയുകയും ബാനറുകളും ടയറുകളും കത്തിക്കുകയും റോഡുകൾ തടയുകയും ചെയ്തു.


ഫൈസലാബാദിൽ റാണാ സനാഉല്ലയുടെ വീടിന് നേരെ ആൾക്കൂട്ടം കല്ലെറിഞ്ഞു. ഇമ്രാൻ ഖാന്റെ അറസ്റ്റിന് ശേഷം പാകിസ്ഥാനിലുണ്ടായ വ്യാപകമായ പ്രതിഷേധത്തിനിടെ ലാഹോറിലെയും റാവൽപിണ്ടിയിലെയും സൈനിക കമാൻഡർമാരുടെ അതിർത്തിക്കുള്ളിൽ പ്രതിഷേധക്കാർ കടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇമ്രാൻ ഖാൻ അനുകൂലികൾ പെഷവാർ കന്റോൺമെന്റിലും പ്രവേശിച്ചു.


ALSO READ: Imran Khan Arrested : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ


ഇമ്രാൻ ഖാന്റെ അറസ്റ്റിനെതിരായ ആദ്യ പ്രതിഷേധം സൈനിക ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ആണ്. ലാഹോറിലെ കന്റോൺമെന്റ് ഏരിയയിലെ ഒരു സൈനിക ഉദ്യോഗസ്ഥന്റെ വസതിയിൽ പിടിഐ അനുകൂലികൾ അതിക്രമിച്ചു കയറിയതായി റിപ്പോർട്ടുകളുണ്ട്. റാവൽപിണ്ടിയിലെ സൈന്യത്തിന്റെ ഹെഡ് ക്വാർട്ടേഴ്സിലേക്ക് ആളുകൾ ഇരച്ചുകയറുകയാണ്. പിടിഐ അനുഭാവികൾ ലാഹോറിലെ സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതായി മാധ്യമപ്രവർത്തകൻ മുർതാസ അലി ഷാ ട്വിറ്ററിലൂടെ അറിയിച്ചു.


പാകിസ്ഥാൻ സ്ഥാപകനായ ജിന്നയുടെ വീടായിരുന്ന ലാഹോർ കോർപ്സ് കമാൻഡേഴ്സിന്റെ ഫ്ലാഗ് സ്റ്റാഫ് ഹൗസിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി. ഇമ്രാൻ ഖാന്റെ അറസ്റ്റിനെതിരെ പ്രവിശ്യാ പാർട്ടി പ്രസിഡന്റ് ഡോ.മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിൽ ഖൈബർ പഖ്തൂൺഖ്വയിൽ നിന്നുള്ള പിടിഐ പ്രവർത്തകർ ലക്കി മർവത് ജില്ലയിലെ തെരുവുകളിൽ തടിച്ചുകൂടി. പിടിഐ അനുകൂലികൾ റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും സിന്ധു ഹൈവേ തടയുകയും ചെയ്തു.


അതിനിടെ, പെഷവാറിൽ പിടിഐ അനുകൂലികൾ കടകൾ അടപ്പിച്ചു. അതേസമയം, ഇമ്രാൻ ഖാന്റെ അറസ്റ്റിന് ശേഷം പാകിസ്ഥാനിലെ പഞ്ചാബിലും ഇസ്ലാമാബാദിലും സെക്ഷൻ 144 നടപ്പാക്കി. ക്വറ്റയിലെ കന്റോൺമെന്റ് ഏരിയയ്ക്ക് പുറത്തുള്ള അസ്കാരി ചെക്ക് പോസ്റ്റിന് സമീപവും പിടിഐ പ്രതിഷേധക്കാർ ഒത്തുകൂടിയതായി ഡോൺ റിപ്പോർട്ട് ചെയ്തു. ലാഹോറിൽ സെനറ്റർ ഇജാസ് ചൗധരിയുടെ നേതൃത്വത്തിൽ പിടിഐ അനുഭാവികൾ ലിബർട്ടി ചൗക്കിൽ ഒത്തുകൂടി. അക്ബർ ചൗക്ക്, പെക്കോ റോഡ്, മെയിൻ കനാൽ റോഡ്, ഫൈസൽ ടൗൺ എന്നിവയും പാർട്ടി പ്രവർത്തകർ അടച്ചിട്ടിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


പ്രകടനക്കാർ ടയറുകൾ കത്തിക്കുകയും സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇമ്രാൻ ഖാന്റെ സമാൻ പാർക്കിലെ വസതിക്ക് പുറത്ത്, പിടിഐ അനുകൂലികൾ സർക്കാരിന്റെ ബാനറുകൾ വലിച്ചുകീറി. ഓൾഡ് സബ്‌സി മാണ്ഡി, ബനാറസ് ചൗക്ക്, അൽ-ആസിഫ് സ്‌ക്വയർ എന്നിവയ്ക്ക് സമീപമുള്ള പ്രധാന യൂണിവേഴ്‌സിറ്റി റോഡിലും പ്രതിഷേധം നടന്നതായും പാകിസ്ഥാൻ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.