Imran Khan : ഇമ്രാൻ ഖാന് ആശ്വാസം; അവിശ്വാസ പ്രമേയം പരിഗണിച്ചില്ല
അവിശ്വാസ പ്രമേയം പരിഗണിക്കാതെ പാകിസ്‌താൻ ദേശീയ അസംബ്ലി പിരിഞ്ഞു. മാർച്ച് 28നാകും ഇനി ദേശീയ അസംബ്ലി ചേരുക.
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെനെതിരെ സമർപ്പിച്ച അവിശ്വാസ പ്രമേയം സ്പീക്കർ പരിഗണിച്ചില്ല. അവിശ്വാസ പ്രമേയം പരിഗണിക്കാതെ പാകിസ്‌താൻ ദേശീയ അസംബ്ലി പിരിഞ്ഞു. മാർച്ച് 28നാകും ഇനി ദേശീയ അസംബ്ലി ചേരുക. അതുവരെ സർക്കാരിനെ പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾ ഇമ്രാന് തുടരാം. എന്നാൽ അവിശ്വാസം പ്രമേയം പരിഗണിക്കാത്ത സ്പീക്കറുടെ നടപടിയെ വിമർശിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തു വന്നു. കുതിരക്കച്ചവടത്തിന് സ്പീക്കറുടെ നടപടി വഴിവയ്ക്കുമെന്നാണ് പ്രതിപക്ഷ നേതാക്കൾ പറയുന്നത്.
അവിശ്വാസ പ്രമേയത്തിന് നോട്ടീസ് ലഭിച്ചാൽ മൂന്ന് മുതൽ ഏഴ് ദിവസത്തിനകം അത് പരിഗണിക്കണമെന്നാണ് ചട്ടം. പ്രധാനമന്ത്രി പദത്തിൽ നിന്ന് ഇമ്രാൻ ഒഴിയണമെന്ന് മുൻപ് സൈന്യം വരെ ആവശ്യപ്പെട്ടിരുന്നു. പാകിസ്‌താനിലെ പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിൽ ഇമ്രാൻ ഖാൻ സർക്കാർ പരാജയമാണെന്ന് കാട്ടിയാണ് പ്രതിപക്ഷ നേതാക്കൾ സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
സഭയിൽ വ്യക്തമായ ഭൂരിപക്ഷം ഇമ്രാൻ സർക്കാരിന് ഇല്ല. 342 അംഗങ്ങളുള്ള അസംബ്ലിയിൽ 172 പേർ വോട്ട് ചെയ്താൽ അവിശ്വാസപ്രമേയം പാസാകും. 155 പേരാണ് ഇമ്രാന്റെ പാർട്ടിയിലുള്ളത്. പുറത്തുനിന്നുള്ള മറ്റു ചെറു പാർട്ടികളിലെ 23 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാൻ ഭരണം നടത്തുന്നത്. പാർട്ടിയിൽ തന്നെ പലരും ഇമ്രാൻ ഖാനെതിരെ വോട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
നിലവിലെ സാഹചര്യത്തിൽ സ്‌പീക്കറുടെ നടപടി ഇമ്രാൻ ഖാന് കൂടുതൽ ഗുണകരമാകും. ഇടഞ്ഞ് നിൽക്കുന്നവരെ ഒപ്പം നിർത്താൻ ഇമ്രാന് കൂടുതൽ സമയം ലഭിക്കുമെന്നതിനാൽ അവിശ്വാസ പ്രമേയത്തെ ഒരുപക്ഷേ അതിജീവിക്കാൻ ഈ അധിക സമയം ഉപകരിച്ചേക്കും. സ്‌പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ളവർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇമ്രാൻ ഖാന്റെ ഒരു ദാസനെ പോലെയാണ് സ്‌പീക്കർ ഇടപെടുന്നതെന്ന് ഷെരീഫ് കുറ്റപ്പെടുത്തി. 2018ലാണ് പാകിസ്‌താൻ പ്രസിഡന്റായി ഇമ്രാൻ ഖാൻ അധികാരമേറ്റത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.