ലങ്കൻ സംഘർഷം ഇന്ത്യയെ ബാധിക്കുമോ? ശ്രീലങ്കയെ ചൈന നിയന്ത്രിച്ചാൻ ഇന്ത്യ നേരിടേണ്ടിവരിക വലിയ ഭീഷണി, ഇന്ത്യൻ തന്ത്രം എങ്ങനെ?

സാമ്പത്തിക പ്രശ്നം രൂക്ഷമായ ശ്രീലങ്കയിലെ അവസ്ഥ അവരെ മാത്രമല്ല മോശമായി ബാധിക്കുന്നത്. സമീപ രാജ്യമായ ഇന്ത്യയിലും അത് പല തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Written by - ടിറ്റോ തങ്കച്ചൻ | Last Updated : Mar 24, 2022, 03:22 PM IST
  • 99 വർഷത്തെ പാട്ട കാലാവധിക്ക് ലങ്കയിലെ പല തീരങ്ങളിലും ചൈന തങ്ങളുടെ നേതൃത്വത്തിലുള്ള നിർമാണം നടത്തിവരികയാണ്
  • 14 ബില്യൺ യുഎസ് ഡോളറാണ് ചൈന ഇതിനായി നീക്കിവച്ചത്
  • ഹമ്പൻതോട്ട തുറമുഖം ഉൾപ്പെടെ വികസിപ്പിക്കാൻ ലങ്കൻ സർക്കാർ ചൈനയിൽ നിന്ന് കോടികളാണ് കടം വാങ്ങിയത്
  • 2018 മുതൽ ഹമ്പൻതോട്ടയുടെ നിയന്ത്രണം ചൈനയുടെ കൈകളിലാണ്
ലങ്കൻ സംഘർഷം  ഇന്ത്യയെ ബാധിക്കുമോ? ശ്രീലങ്കയെ ചൈന നിയന്ത്രിച്ചാൻ ഇന്ത്യ നേരിടേണ്ടിവരിക വലിയ ഭീഷണി, ഇന്ത്യൻ തന്ത്രം എങ്ങനെ?

ശ്രീലങ്കയിൽ ആഭ്യന്തര പ്രശ്നം നാൾക്കു നാൾ വർധിക്കുകയാണ്. ഭക്ഷണത്തിനും ഇന്ധനത്തിനും തീപിടിച്ച വില. വൈദ്യുതി ഇല്ലാതെ കഴിച്ചുകൂട്ടേണ്ടി വരുന്ന മണിക്കൂറുകളുടെ എണ്ണവും അനുദിനം കൂടിവരുന്നു. സാമ്പത്തിക പ്രശ്നം രൂക്ഷമായ ശ്രീലങ്കയിലെ അവസ്ഥ അവരെ മാത്രമല്ല മോശമായി ബാധിക്കുന്നത്. സമീപ രാജ്യമായ ഇന്ത്യയിലും അത് പല തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ചൈനയും ലങ്കയും

ലോകഭൂപടത്തിലെ ശ്രീലങ്കയുടെ തന്ത്രപ്രധാനമായ സ്ഥാനം കൊണ്ട് ലങ്കയുമായി സൗഹൃദം സ്ഥാപിച്ച രാജ്യമാണ് ചൈന. ഇന്ത്യയോട് അടുത്തുകിടക്കുന്ന ഈ ദ്വീപരാഷ്ട്രത്തെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ചൈന ചില്ലറ പണമൊന്നുമല്ല മുടക്കിയത്. സിംഗപൂരും മലേഷ്യയും പോലെ ശ്രീലങ്കൻ തുറമുഖങ്ങളെയും വികസിപ്പിക്കാമെന്ന മോഹന വാഗ്ദാനം നൽകി ചൈന ലങ്കൻ തീരങ്ങളിൽ വൻ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. 99 വർഷത്തെ പാട്ട കാലാവധിക്ക് ലങ്കയിലെ പല തീരങ്ങളിലും ചൈന തങ്ങളുടെ നേതൃത്വത്തിലുള്ള നിർമാണം നടത്തിവരികയാണ്. 14 ബില്യൺ യുഎസ് ഡോളറാണ് ചൈന ഇതിനായി നീക്കിവച്ചത്.  ഹമ്പൻതോട്ട തുറമുഖം ഉൾപ്പെടെ വികസിപ്പിക്കാൻ ലങ്കൻ സർക്കാർ ചൈനയിൽ നിന്ന് കോടികളാണ് കടം വാങ്ങിയത്. 2018 മുതൽ ഹമ്പൻതോട്ടയുടെ നിയന്ത്രണം ചൈനയുടെ കൈകളിലാണ്. എന്നാൽ ചൈനയാണ് ലങ്കയെ ഭരിക്കുന്നതെന്ന ആക്ഷേപം ശരിയല്ലെന്ന് എല്ലാ തുറമുഖ ട്രസ്റ്റുകളുടെയും വക്താക്കൾ പറയുന്നുമുണ്ട്.

ഇന്ത്യയുടെ ലങ്കൻ സാന്നിധ്യം

പടിഞ്ഞാറൻ കണ്ടെയ്നർ തുറമുഖ വികസനം അദാനി ഗ്രൂപ്പിനാണ് ശ്രീലങ്ക നൽകിയിരിക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതിയിൽ 35 വർഷത്തെ നടത്തിപ്പ് അദാനിക്കുണ്ട്. ലങ്കയിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ പലതരത്തിലുള്ള നിക്ഷേപങ്ങളും ഇന്ത്യൻ വ്യവസായികൾ നടത്തിയിട്ടുണ്ട്. ഇവയിൽ നിന്നെല്ലാം നല്ല വരുമാനമാണ് ഇന്ത്യൻ വ്യവസായികൾക്ക് ലഭിച്ചിട്ടുള്ളതും. എങ്കിലും തന്ത്രപ്രധാനമായ ഈസ്റ്റ് കണ്ടെയ്നർ ടെർമിനലിന്റെ നിർമ്മാണ പങ്കാളിത്തം ഇന്ത്യയ്ക്കും ജപ്പാനും നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയാണെന്ന് ഇരുരാജ്യങ്ങൾക്കും അറിയാം.

ലങ്കയിലെ പ്രതിസന്ധിയും ഇന്ത്യ നേരിടുന്ന വെല്ലുവിളിയും

ലങ്കൻ സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ അസ്ഥിരതയും ഇന്ത്യക്ക് വെല്ലുവിളിയാണ്. ശ്രീലങ്കയിലെ ഇപ്പോഴത്തെ പ്രതിസന്ധിയെ തുടർന്ന് ആദ്യ അഭയാർഥി സംഘം എത്തിയത് ഇന്ത്യയിലാണെന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്. തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് ലങ്കയിൽ നിന്ന് കടൽമാർഗം എത്താൻ മണിക്കൂറുകൾ മാത്രം മതി. അസ്ഥിരമായ ലങ്കൻ ഭരണകൂടത്തെ അട്ടിമറിച്ച് ചൈനയ്ക്ക് അവിടെ സ്വാധീനം ഉറപ്പിക്കാൻ സാധിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകും. തുറമുഖങ്ങളുടെ നിയന്ത്രണത്തിലൂടെ ലങ്കയെ സൈനിക കേന്ദ്രമാക്കാൻ ചൈന ശ്രമിച്ചാൽ ഇന്ത്യയ്ക്ക് കൂടുതൽ ഭീഷണി നേരിടേണ്ടി വരുമെന്നതിനാൽ അത്തരം നീക്കത്തെ പ്രതിരോധിക്കാൻ പല തരത്തിലുള്ള സഹായം ലങ്കയ്ക്ക് ഇന്ത്യ നൽകേണ്ടിയും വരുമെന്ന് ചുരുക്കം. ലങ്കയിലെ ആഭ്യന്തര പ്രശ്നം എല്ലാ കാലത്തും ഇന്ത്യയ്ക്ക് തലവേദനയായിട്ടുണ്ട്. തമിഴ്‌പുലികളുടെ പ്രശ്നത്തിൽ ഉൾപ്പെടെ ഇന്ത്യ നടത്തിയ ഇടപെടൽ രാജ്യത്തിന്റെ കൈപൊള്ളിച്ചിട്ടുണ്ടെന്ന ചരിത്രവും ഈ സമയം ഓർക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News