Indonesia: ഇന്തോനേഷ്യയിലെ ജയിലിൽ വൻ അഗ്നിബാധ; 41 തടവുകാർ കൊല്ലപ്പെട്ടു
ബൻടെൻ പ്രവിശ്യയിലെ ടാങ്കെറാങ് ജയിലിലാണ് തീപിടിത്തമുണ്ടായത്
ജക്കാർത്ത: ഇന്തോനേഷ്യയിൽ (Indonesia) ജയിലിൽ വൻ അഗ്നിബാധ. 41 തടവുകാർ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബൻടെൻ പ്രവിശ്യയിലെ ടാങ്കെറാങ് ജയിലിലാണ് തീപിടിത്തമുണ്ടായത്. ജയിലിലെ സി ബ്ലോക്കിലാണ് അഗ്നിബാധയുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.
തീ നിയന്ത്രണ വിധേയമായതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ജയിൽ വക്താവ് റിക അപ്രിയാൻടി അറിയിച്ചു. തീപിടിത്തമുണ്ടായ ബ്ലോക്കിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയാണ് പാർപ്പിച്ചിരുന്നത്. 122 പേരെയാണ് ഈ ബ്ലോക്കിൽ ഉൾക്കൊള്ളാൻ സാധിക്കുന്നത്. എന്നാൽ സംഭവ സമയത്ത് സി ബ്ലോക്കിൽ എത്ര പേരാണ് ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
കെട്ടിടത്തിന് മുകളിൽ അഗ്നിശമനസേനാംഗങ്ങൾ തീയണക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കോമ്പസ് ടിവി പുറത്ത് വിട്ടു. ബുധനാഴ് പുലർച്ചെ പ്രാദേശിക സമയം മൂന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...