International Day of the Girl Child 2022: കൂട്ടിലിടാതിരിക്കാം.... സ്വപ്നങ്ങൾ ലക്ഷ്യങ്ങളാക്കി അവർ പറക്കട്ടെ
Woman empowerment: പെൺകുട്ടികൾക്ക് സുരക്ഷിതവും വിദ്യാസമ്പന്നവും ആരോഗ്യകരവുമായ ഒരു ജീവിതത്തിനുള്ള അവകാശമുണ്ട്. അവർ പക്വതയുള്ള സ്ത്രീകളായിരിക്കുമ്പോഴും സുരക്ഷിതരായിരിക്കുന്ന ചുറ്റുപാടുകൾ ഒരുക്കേണ്ടതുണ്ട്.
എല്ലാ വർഷവും ഒക്ടോബർ പതിനൊന്നിന് ലോകമെമ്പാടും അന്താരാഷ്ട്ര ബാലികാ ദിനമായി ആചരിക്കുന്നു. പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികളും ഇവയെ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകതയും പെൺകുട്ടികളുടെ ശാക്തീകരണവും അവരുടെ മനുഷ്യാവകാശങ്ങളുടെ പൂർത്തീകരണവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് അന്താരാഷ്ട്ര ബാലികാ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പെൺകുട്ടികൾക്ക് സുരക്ഷിതവും വിദ്യാസമ്പന്നവും ആരോഗ്യകരവുമായ ഒരു ജീവിതത്തിനുള്ള അവകാശമുണ്ട്. അവർ പക്വതയുള്ള സ്ത്രീകളായിരിക്കുമ്പോഴും സുരക്ഷിതരായിരിക്കുന്ന ചുറ്റുപാടുകൾ ഒരുക്കേണ്ടതുണ്ട്.
അന്താരാഷ്ട്ര ബാലികാ ദിനം 2022: ചരിത്രം
'പ്ലാൻ ഇന്റർനാഷണൽ' എന്ന എൻജിഒ ആഗോളതലത്തിൽ പെൺകുട്ടികൾക്കായി അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നതിനുള്ള മുൻകൈ എടുത്തു. ഈ സംഘടന "ഞാൻ ഒരു പെൺകുട്ടിയാണ്" എന്ന പേരിൽ ഒരു ക്യാമ്പയിൻ ആരംഭിച്ചിരുന്നു. ഇതിനുശേഷം, കനേഡിയൻ സർക്കാർ അന്താരാഷ്ട്ര തലത്തിൽ ഈ പ്രചാരണം ആരംഭിച്ചു. ഒടുവിൽ, 2011 ഡിസംബർ പത്തൊമ്പതിന് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കുകയും ലോക ബാലികാ ദിനമായി ഒക്ടോബർ 11 തിരഞ്ഞെടുക്കുകയും ചെയ്തു. അങ്ങനെ 2012 ഒക്‌ടോബർ പതിനൊന്നിന് ആദ്യത്തെ അന്താരാഷ്‌ട്ര ബാലികാ ദിനം ആചരിച്ചു. അന്നത്തെ ബാലികാ ദിനത്തിന്റെ പ്രമേയം 'ശൈശവവിവാഹം അവസാനിപ്പിക്കുക' എന്നതായിരുന്നു.
ALSO READ: World Mental Day 2022: മാനസികമായി ശക്തരായിരിക്കാം.... പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാം
അന്താരാഷ്ട്ര ബാലികാ ദിനം 2022: പ്രാധാന്യം
ശൈശവ വിവാഹം, മോശം പഠന അവസരങ്ങൾ, പെൺകുട്ടികൾക്കെതിരെയുള്ള അക്രമം, വിവേചനം എന്നിവ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ലിംഗാധിഷ്ഠിത വെല്ലുവിളികൾ ഇല്ലാതാക്കുന്നതിനാണ് ലോക ബാലികാ ദിനം ആചരിക്കുന്നത്. അത്തരം വിവേചനം ഇല്ലാതാക്കാൻ, പെൺകുട്ടികളെ അവരുടെ ഭാവിയെ പിന്തുണയ്ക്കുന്ന വിധത്തിൽ വളർത്തിയെടുക്കേണ്ടതുണ്ട്. പെൺകുട്ടികളുടെ അവകാശങ്ങൾ, സുരക്ഷ, വിദ്യാഭ്യാസം എന്നിവയിൽ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പെൺകുട്ടികളെ ലോക പുരോഗതിയുടെ സജീവ ഭാഗമാക്കുക എന്നതാണ് ലോക ബാലികാ ദിനത്തിന്റെ പ്രധാന ലക്ഷ്യം.
അന്താരാഷ്ട്ര ബാലികാ ദിനം 2022: പ്രമേയം
"ഇപ്പോൾ നമ്മുടെ സമയം- നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി" എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര ബാലികാ ദിനത്തിന്റെ പ്രമേയം. അവരുടെ ലക്ഷ്യങ്ങളിൽ എത്താൻ പെൺകുട്ടികളുടെ വഴികളിലുള്ള പ്രതിബന്ധങ്ങളുടെ ബാഹുല്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിനാണ് ഈ ദിവസം പ്രാധാന്യം നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...