ഐഎസ് തീവ്രവാദികളുടെ വളർച്ചയെ മുളയിലെ നുള്ളി ഇറാഖി സൈന്യം;13 ഭീകരരെ വധിച്ചു, ഒരിടവേളയ്ക്ക് ശേഷം ഐഎസ് ആക്രമണം ഇറാഖിൽ രൂക്ഷം
ഇറാഖി കൗണ്ടർ ടെററിസ്റ്റ് സർവീസിലെ സുരക്ഷാ സൈനികരാണ് ആക്രമണത്തിന് നേതൃത്വം വഹിച്ചത്
ബാഗ്ദാദ്: ഇറാഖിൽ സുരക്ഷാ സേന മൂന്ന് പ്രവിശ്യകളിലായി 13 ഐഎസ് ഭീകരവാദികളെ കൊലപ്പെടുത്തി. കിർകുക്ക്, നിനവേ, ദിയാല എന്നീ പ്രവിശ്യകളിലാണ് തീവ്രവാദികളെ ലക്ഷ്യമിട്ട് സുരക്ഷാ സേന ആക്രമണം നടത്തിയത്. ഇറാഖി കൗണ്ടർ ടെററിസ്റ്റ് സർവീസിലെ സുരക്ഷാ സൈനികരാണ് ആക്രമണത്തിന് നേതൃത്വം വഹിച്ചത്. ദിയാല പ്രവിശ്യയിലെ മലനിരകളിൽ നടത്തിയ ആക്രമണത്തിൽ ഇറാഖി കൗണ്ടർ ടെററിസ്റ്റ് സർവീസിന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും വ്യാപകമായി പിടിച്ചെടുക്കാനും സാധിച്ചെന്ന് സൈനിക വക്താവ് യാഹിയ റസീൽ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആശയ വിനിമയത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന നിരവധി വയർലെസ് കമ്യൂണിക്കേഷൻ സെറ്റുകളും ഇറാഖി കൗണ്ടർ ടെററിസ്റ്റ് സർവീസിലെ അംഗങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കിർകുക്ക് പ്രവിശ്യയിലേയും ദിയാലയിലേയും ഗ്രാമങ്ങളിൽ സുരക്ഷാ സൈന്യം വ്യാപക പരിശോധനയാണ് നടത്തിയത്. ഗ്രാമങ്ങളിൽ ഒളിച്ച് താമസിച്ച നിരവധി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ സൈന്യം പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണം വർധിക്കുന്ന സാഹചര്യം നിലനിന്നിരുന്നു. ഇതിനെ തുടർന്നാണ് ഇറാഖി കൗണ്ടർ ടെററിസ്റ്റ് സർവീസിലെ സൈനികർ ഐഎസ് തീവ്രവാദികൾക്ക് നേരെ ആക്രമണം ശക്തമാക്കിയത്. ഐഎസ് തീവ്രവാദികൾ അധികാരം പിടിച്ചടക്കിയ ഇറാഖിനെ 2017ലെ രൂക്ഷമായ യുദ്ധത്തിലൂടെയാണ് ഇറാഖി സൈന്യം മോചിപ്പിച്ചത്.
2017ലെ ഐഎസ് പതനത്തിന് ശേഷം കാര്യമായ രീതിയിലുള്ള ആക്രമണം തീവ്രവാദ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ഗൊറില്ലാ യുദ്ധ രീതിയിൽ ഐഎസ് നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഗ്രാമപ്രദേശങ്ങളിലും മരുഭൂമികളിലും ഉൾപ്പെടെ ഐഎസ് തീവ്രവാദികൾക്ക് വേണ്ടി ഇറാഖി കൗണ്ടർ ടെററിസ്റ്റ് സർവീസസ് സൈന്യം നടപടി കടുപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...