ലണ്ടന്‍: ചാള്‍സ് രാജകുമാരനെ കൊറോണ വൈറസില്‍ നിന്നും രക്ഷിച്ചത് ആയുര്‍വേദ ചികിത്സയാണെന്ന വാര്‍ത്ത തള്ളി ഔദ്യോഗിക വക്താവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചാള്‍സ് രാജകുമാരന്‍ കൊറോണ മുക്തനായത് ആയുര്‍വേദ ചികിത്സയെ തുടര്‍ന്നാണെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രിയും ഗോവയില്‍ നിന്നുള്ള ലോക്സഭാംഗവുമായ ശ്രീപാദ് നായിക് പറഞ്ഞിരുന്നു. ഈ അവകാശവാദമാണ് ചാള്‍സ് രാജകുമാരന്‍റെ ഔദ്യോഗിക വക്താവ് തള്ളിയിരിക്കുന്നത്. 


ചാള്‍സ് രാജകുമാരനു നല്‍കിയ ആയുര്‍വേദ ഹോമിയോപതി ചികിത്സകള്‍ ഫലപ്രദമായതായി ബാംഗ്ലൂരിലെ സൗഖ്യ ആയുര്‍വേദ റിസോര്‍ട്ട് ഉടമ ഡോ. ഐസക്ക് മത്തായി തന്നെ അറിയിച്ചുവെന്നാണ് നായിക് പറഞ്ഞത്. ഗോവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 


തെറ്റായ വാര്‍ത്തയാണിതെന്നും യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്‍റെ ഉപദേശത്തിലായിരുന്നു ചാള്‍സ് രാജകുമാരന്‍റെ ചികിത്സയെന്നും വക്താവ് പറഞ്ഞു. അതേസമയം, ചാള്‍സ് രാജകുമാരന്‍ തന്‍റെ ചികിത്സ തേടാറുണ്ടെന്നും സ്വകാര്യത മാനിച്ച് കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുന്നില്ലെന്നും ഡോ. ഐസക്ക് മത്തായി പറഞ്ഞു.