ന്യൂയോര്‍ക്ക്:  കൊറോണ വൈറസിനെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന.  HIV പോലെ  ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും ഈ വൈറസ് അവശേഷിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു . 


COMMERCIAL BREAK
SCROLL TO CONTINUE READING

lock down പോലെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് കോവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയില്ല  എന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. 


“കോവിഡിനെ ഭൂമുഖത്തുനിന്ന്​ പൂര്‍ണമായി തുടച്ചുനീക്കാനാവില്ല.  എന്നാല്‍, ജനം അതിനൊപ്പം ജീവിക്കാന്‍ ശീലിച്ചു തുടങ്ങും. HIV നമുക്ക്​ ഇല്ലാതാക്കാനായിട്ടില്ല. എന്നാല്‍, നാം അതിനൊപ്പം ജീവിക്കാന്‍ ശീലിച്ചു. കൊറോണ വൈറസ്​ ഭൂമുഖത്തുനിന്ന്​ എപ്പോള്‍ ഇല്ലാതാകുമെന്ന്​ ആര്‍ക്കും പ്രവചിക്കാനാകില്ല. ഒരു ദീര്‍ഘകാല പ്രശ്​നമായി അത്​  നമ്മോടൊപ്പം ഉണ്ടാവും", WHO വിദഗ്​ധന്‍ മൈക്​ റയാന്‍ പറഞ്ഞു.  ചില രാജ്യങ്ങള്‍ lock down ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്​ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്​.


കൂട്ടായ പരിശ്രമങ്ങളിലൂടെ വൈറസിനെ നിയന്ത്രിക്കാന്‍ നമുക്ക്​ സാധിക്കും.  കോവിഡിനെതിരെ ലോക വ്യാപകമായി നൂറിലേറെ വാക്​സിനുകളാണ്​ വികസിപ്പിക്കുന്നത്​. ചിലതെല്ലാം ഇപ്പോള്‍ ക്ലിനിക്കല്‍ ട്രയലിലുമാണ്​. എന്നാല്‍ വൈറസിനെതിരെ ഏറ്റവും ഫലപ്രദമായ വാക്​സിന്‍ കണ്ടുപിടിക്കാനാവുമോ എന്ന കാര്യത്തില്‍ വിദഗ്​ധര്‍ പോലും സംശയിച്ചുനില്‍ക്കുകയാണ്​, അദ്ദേഹം പറഞ്ഞു.  


മീസില്‍സ്​ പോലുള്ള രോഗത്തിന്​ നാം വാക്​സിന്‍ കണ്ടുപിടിച്ചുവെങ്കിലും ആ രോഗം പൂര്‍ണമായി തുടച്ചുമാറ്റാന്‍ സാധിച്ചിട്ടില്ല. വൈറസിനു മേല്‍ പരമാവധി ആധിപത്യം നേടാന്‍ സാധിച്ചാലേ ഭീതി കുറച്ചെങ്കിലും ഒഴിവാകൂ, റയാന്‍ ചൂണ്ടിക്കാട്ടി.


അതേസമയം, പകര്‍ച്ച വ്യാധിയായി മാറിയ കൊവിഡിനെ തടയാന്‍ എല്ലാവരുടെയും സഹകരണം   ആവശ്യമാണെന്നും ഇത് മനുഷ്യ വംശത്തെ ആകെ ബാധിക്കുന്ന പ്രശ്നമാണെന്നും ലോകാരോഗ്യ സംഘടനാ തലവന്‍  ടെഡ്രോസ് അധനോം  ഗെബ്രിയേസസ് പറഞ്ഞു. ലോകത്തെ 100 ലേറെ കേന്ദ്രങ്ങളിലായി പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണന്നും ആശാവഹമായി നേട്ടം കൈവരിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നീണ്ട lock down കാലത്തിന് ശേഷം പല രാജ്യങ്ങളും മുന്‍ കരുതല്‍ സ്വീകരിച്ചുകൊണ്ട് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുകയാണ്.  lock down സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍  മുന്‍ കരുതല്‍ സ്വീകരിച്ചുകൊണ്ട് വൈറസിനെ അതിജീവിക്കുക എന്ന മാര്‍ഗ്ഗമാണ്  പല  രാജ്യങ്ങളും അവലംബിച്ചിരിക്കുന്നത്.