ലണ്ടന്‍: നൊബേല്‍ പുരസ്‌കാര ജേതാവും യുഎന്നിലെ ഏറ്റവും പ്രായം കുറഞ്ഞ സമാധാന സന്ദേശവാഹകയുമായ മലാല ഇനി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി.  ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ച വിവരം മലാല തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കീഴിലുള്ള ലേഡി മാര്‍ഗരറ്റ് ഹാളില്‍ നിന്നു ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളാണ് മലാല പഠിക്കുക. വധിക്കപ്പെട്ട മുന്‍ പാക്ക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും മ്യാന്‍മറിലെ ഓങ് സാന്‍ സൂചിയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ഇതേ കോഴ്‌സില്‍ പഠനം നടത്തിയവരാണ്.


പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതിലൂടെയാണ് രാജ്യാന്തരതലത്തില്‍ മലാല ശ്രദ്ധേയയാകുന്നത്. താലിബാന്‍ സ്വാധീന മേഖലയായ വടക്കു പടിഞ്ഞാറന്‍ പാകിസ്താനില്‍ ജനിച്ച മലാല നാട്ടിലെ ജീവിതത്തെക്കുറിച്ചു ഡയറിയെഴുതാന്‍ തുടങ്ങിയതോടെയാണു ശ്രദ്ധേയയായത്. ഇതിനു പ്രതികാരമായി താലിബാന്‍ ഭീകരര്‍ നടത്തിയ വധശ്രമത്തില്‍ മലാലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.


യുഎന്നിലെ ഏറ്റവും പ്രായം കുറഞ്ഞ സമാധാന സന്ദേശവാഹകയായ മലാല ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ പുരസ്‌കാര ജേതാവുമാണ്. പതിനേഴാം വയസ്സിലാണ്‌ നെബേല്‍ സമ്മാനം മലാലയെ തേടിയെത്തുന്നത്. 


ഇരുപതുകാരിയായ മലാല യു.എന്‍ സമാധാനദൂതയായി നിയോഗിക്കപ്പെട്ടതിനു ശേഷം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി അക്ഷീണം പ്രവര്‍ത്തിച്ചു വരികയാണ്.