Monkey Pox : 10 ദിവസങ്ങൾക്കുള്ളിൽ 12 രാജ്യങ്ങളിലായി 92 പേർക്ക് വാനര വസൂരി സ്ഥിരീകരിച്ചു : ലോകാരോഗ്യ സംഘടന
ആഫ്രിക്കയിലേക്ക് യാത്ര ചെയ്യാത്തവരിലും രോഗം ബാധിക്കുന്നത് ആശങ്കയുണർത്തുകയാണ്.
ജെനീവ : മെയ് 13 മുതൽ 12 രാജ്യങ്ങളിലായി 92 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന ഞായറാഴ്ച അറിയിച്ചു. എന്നാൽ വരും ദിവസങ്ങളിൽ രോഗബാധ വീണ്ടും വർധിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചിട്ടുണ്ട്. നിലവിൽ സാഹചര്യം നിരീക്ഷിച്ച് വരികെയാണെന്നും, പെട്ടെന്ന് ഇത്തരത്തിൽ രോഗം പൊട്ടിപുറപ്പെടാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.
രോഗം സാധാരണയായി പ്രാദേശിക തലത്തിലാണ് പടർന്ന് പിടിക്കാറുള്ളത്. എന്നാൽ ഇപ്പോൾ വിവിധ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. സാധാരണയായി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗം വിവിധ രാജ്യങ്ങളിലായി കണ്ടെത്തുന്നത് ഇതാദ്യമായി ആണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇതുവരെ 92 കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. 50 ത്തിലധികം പേർ ഇപ്പോഴും നിരീക്ഷണത്തിൽ കഴിയുകയാണ്.
ALSO READ: Monkeypox Prevention: വാനര വസൂരിയ്‌ക്കെതിരെ സംസ്ഥാനത്ത് ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്
ആഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കുരങ്ങുപനി ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലും ആശങ്ക പടർത്തുകയാണ്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നും കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇസ്രയേലിലും കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരുന്നു. ആഫ്രിക്കയിലേക്ക് യാത്ര ചെയ്യാത്തവരിലും രോഗം ബാധിക്കുന്നത് ആശങ്കയുണർത്തുകയാണ്. കുരങ്ങുപനി കേസുകൾ വർധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച ചേർന്ന അടിയന്തര യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
വാനര വസൂരി രോഗപകർച്ച
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...