റഷ്യയ്ക്ക് ആക്രമിക്കാൻ നാറ്റോ പച്ചക്കൊടി വീശുന്നു; വിമർശനവുമായി സെലെൻസ്കി
റഷ്യയ്ക്ക് യുദ്ധം തുടരാൻ നാറ്റോ പച്ചക്കൊടി വീശുകയാണെന്ന് സെലെൻസ്കി ആരോപിച്ചു.
നാറ്റോയ്ക്കെതിരെ വിമർശനവുമായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. യുക്രൈനിൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നാറ്റോയ്ക്കെതിരെ വിമർശനവുമായി സെലെൻസ്കി രംഗത്തെത്തിയത്. റഷ്യയ്ക്ക് യുദ്ധം തുടരാൻ നാറ്റോ പച്ചക്കൊടി വീശുകയാണെന്ന് സെലെൻസ്കി ആരോപിച്ചു.
അതേസമയം, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയമായ സപോർഷിയ ആണവ നിലയത്തിൽ റഷ്യ ആക്രമണം നടത്തിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നു. യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ ഉപദേശക വിഭാഗം മേധാവി ആക്രമണത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു.
പത്താം ദിനവും യുക്രൈനിൽ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്. കീവിൽ തുടർച്ചയായി ഷെല്ലാക്രമണങ്ങൾ ഉണ്ടാകുന്നതായാണ് റിപ്പോർട്ട്. മരിയുപോൾ നഗരം റഷ്യൻ സൈന്യം പൂർണമായും തകർത്തതായാണ് റിപ്പോർട്ട്. 1700 ഇന്ത്യക്കാർ കൂടി കിഴക്കൻ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കിഴക്കൻ യുക്രൈനിൽ രൂക്ഷമായ ആക്രമണം നടക്കുന്നതിനാൽ വിദ്യാർഥികൾക്ക് ബങ്കറിൽ നിന്ന് പുറത്ത് കടക്കാൻ കഴിയുന്നില്ല. രക്ഷാപ്രവർത്തനം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...