ഇസ്ലാമാബാദ്: പനാമഗേറ്റ് അഴിമതിക്കേസിലെ വിധിക്ക് എതിരെ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. ജസ്റ്റിസ് ഇജാസ് അഫ്‌സലിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണു ഹര്‍ജിയില്‍ വാദം കേള്‍ക്കുക. അയോഗ്യനായി പ്രഖ്യാപിച്ച വിധി റദ്ദാക്കണമെന്നാണു ഹര്‍ജിയില്‍ ഷരീഫ് ആവശ്യപ്പെട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അയോഗ്യത കല്പിക്കപ്പെട്ടതിനെത്തുടര്‍ന്നു ഷരീഫിനു പ്രധാനമന്ത്രി പദം രാജിവയ്‌ക്കേണ്ടിവന്നിരുന്നു. കേസില്‍ പ്രതികളായിരുന്ന ഷരീഫിന്‍റെ മക്കളായ ഹുസൈന്‍, ഹസന്‍, മറിയം എന്നിവരും മുന്‍ ധനമന്ത്രി ഇഷാക് ധറും സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്.  പാനമ അഴിമതിക്കേസില്‍ പാക് സുപ്രീം കോടതി കുറ്റക്കാരനെന്ന് വിധിച്ചതിനു പിന്നാലെ പാക് പ്രധാനമന്ത്രി പദം നവാസ് ഷരീഫ് രാജിവെച്ചിരുന്നു.  ഷരീഫിനെതിരെ ക്രിമിനല്‍ കോസെടുക്കണമെന്നും അദ്ദേഹവും കുടുംബവും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഷെരീഫിന്‍റെ വിശ്വസ്തനും ധനകാര്യമന്ത്രിയുമായ ഇഷ്ഹാഖ് ധറിനെയും കോടതി സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്.  പ്രധാനമന്ത്രി പദത്തില്‍ ഒരു വര്‍ഷം കൂടി തികക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പാകിസ്താന്‍റെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് മാറുമായിരുന്നു. പാകിസ്താനിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയും കാലാവധി ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല.


തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ മൊസാക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനം വഴി ലണ്ടനില്‍ നവാസ് ഷെരീഫീന്‍റെ കുടുംബം സ്വത്തുക്കള്‍ വാങ്ങികൂട്ടിയെന്ന പാനമ രേഖകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഷെരീഫിനെതിരെ കേസെടുത്തത്. കളളപ്പണ ഇടപാട് നടത്തിയില്ലെന്ന് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിധരിപ്പിച്ചുവെന്നാണ് പരാതി. സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേസ് അന്വേഷിച്ച സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് ഈ മാസം പത്തിന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെയും കുടുംബത്തിന്‍റെയും വരവുചെലവു കണക്കുകളില്‍ വന്‍ പൊരുത്തക്കേടുണ്ടെന്നും ഇതിനെക്കുറിച്ചുള്ള കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ ഷെരീഫ് പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.