ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ നിര്‍മ്മല സീതാരാമനും.


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോബ്സിന്‍റെ ഈ വര്‍ഷത്തെ പട്ടികയിലാണ് നമ്മുടെ കേന്ദ്രമന്ത്രി ഇടം നേടിയത്. 34 മത്തെ സ്ഥാനത്താണ് നിര്‍മ്മല സീതാരാമന്‍ എത്തിയിരിക്കുന്നത്.


ഫോബ്സ് മാഗസിനിലെ പുതുമുഖമാണ് നിര്‍മ്മല സീതാരാമന്‍. ഇന്ത്യയിലെ ആദ്യത്തെ ധനമന്ത്രിയായ നിര്‍മ്മല സീതാരാമന്‍ ഒന്നാം മോദി സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്നു. 


മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അധിക ചുമതല വഹിച്ചത് ഒഴിച്ചാല്‍ മുഴുവന്‍ സമയ ഇന്ത്യന്‍ ധനകാര്യമന്ത്രിയാകുന്ന ആദ്യ വനിതയാണ്‌ നിര്‍മ്മല.


മാത്രമല്ല പ്രതിരോധമന്ത്രിയായി 5 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ മന്ത്രിയും കൂടിയാണ് നിര്‍മ്മല സീതാരാമന്‍. പ്രതിരോധമന്ത്രിയായിരുന്നപ്പോള്‍ ഉറച്ച നിലപാടുകള്‍ സ്വീകരിച്ച നിര്‍മ്മലാ സീതാരാമന്‍ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിലും ധീരമായ തീരുമാനങ്ങളാണ് എടുത്തിരുന്നത്.


ജര്‍മ്മന്‍ ചാന്‍സിലര്‍ ആന്‍ജെലാ മെര്‍കെല്‍ (Angela Merkel) ആണ് പട്ടികയുടെ തലപ്പത്ത്.  തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ്‌ ഇവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.


യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീനെ ലഗാര്‍ഡാണ് രണ്ടാം സ്ഥാനത്ത്. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന 29 മത്തെ സ്ഥാനത്തുണ്ട്. 


നിര്‍മ്മലാ സീതാരാമന് പുറമെ എച്ച്‌സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റോഷ്ണി നാഡാര്‍ മല്‍ഹോത്രയും, ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ ഷായും (Kiran Mazumdar Shaw) പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.


മല്‍ഹോത്ര 54 മത്തെ സ്ഥാനവും മസുംദാര്‍ ഷാ 64 മത്തെ സ്ഥാനവുമാണ് സ്വന്തമാക്കിയത്. 


ഭരണ നേതൃത്വം, ബിസിനസ്, ജീവകാരുണ്യ പ്രവര്‍ത്തനം, മാധ്യമം തുടങ്ങിയ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരാണ് ഫോബ്സ് മാസികയുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്.