കാഠ്മണ്ഡു: അഞ്ച് ദിവസമായി കൈലാസത്തില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ രക്ഷിക്കാന്‍ നടപടിയില്ല. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് നാല് മലയാളികള്‍ ഉള്‍പ്പെടുന്ന തീര്‍ത്ഥാടക സംഘം നേപ്പാളില്‍ കുടങ്ങിയത്. സിമികോട്ട് എന്ന ക്യാംപിലാണ് ഇവരിപ്പോള്‍ ഉള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കഴിഞ്ഞ 21 നാണ് 37 അംഗ തീര്‍ത്ഥാടക സംഘം കേരളത്തില്‍ നിന്ന് കൈലാസ-മാനസസരോവര്‍ സന്ദര്‍ശനത്തിന് പോയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി 27 ന് മടങ്ങാനിരിക്കേയാണ് കാലാവസ്ഥ പ്രതികൂലമായത്. കേരളത്തില്‍ നിന്ന് പോയ സംഘത്തിലെ കോഴിക്കോട് സ്വദേശി ചന്ദ്രന്‍, ഭാര്യ വനജ, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി രമാദേവി, എറണാകുളം സ്വദേശി ലക്ഷ്മി എന്നിവരാണ് നേപ്പാളിലെ സിമികോട്ടില്‍ കുടങ്ങിയിരിക്കുന്നത്.


തിരികെയുള്ള യാത്രയില്‍ ഇവരുടെ ഊഴമായപ്പോഴേക്കും കാലവസ്ഥ മോശമാകുകയായിരുന്നു. മോശം കാലാവസ്ഥയില്‍ ഹെലികോപ്റ്റര്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നേരത്തെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഒരു സംഘം മലയാളികള്‍ ഇന്നലെയാണ് കേരളത്തില്‍ തിരിച്ചെത്തിയത്.


അറുന്നൂറോളം പേര്‍ ഇവിടെ കുടുങ്ങി കിടക്കുന്നുണ്ടെന്നും ഇവര്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടെന്നും തിരിച്ചെത്തിയവര്‍ പറയുന്നു. വിഷയത്തില്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടെങ്കിലും മോശം കാലാവസ്ഥ മൂലം ഒന്നും ചെയ്യാനാകില്ലെന്നാണ് മറുപടി. വിഷയം ഇതുവരെ സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല.