ഒർലാൻഡോയിൽ സ്വവർഗാനുരാഗികൾക്കായി പ്രവർത്തിക്കുന്ന നൈറ്റ് ക്ലബില്‍  വെടിവെയ്പ്പ് ആക്രമണം നടത്തിയ ഭീകരൻ ഒമർ മതീന്‍റെ  ആക്രമണത്തെപറ്റിയുള്ള വിവരം, ഭാര്യക്ക് അറിയാമായിരുന്നെന്ന് പുതിയ വിവരം. ഇതോടെ മതീന്‍റെ ഭാര്യ നൂർ സൽമാനെതിരെ  കേസ് ചാര്‍ജ് ചെയ്യുമെന്ന് ലോ എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. തന്‍റെ ഭർത്താവ് ക്ലബ് ആക്രമിക്കുമെന്ന്‍ അറിയാമായിരുന്നിട്ടും നൂർ സൽമാൻ തടയാനുള്ള ശ്രമങ്ങള്‍ നടത്തിയില്ലെന്ന് പൊലീസ് പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെടിവെയ്പ്പിനെ കുറിച്ച് ചില വിവരങ്ങളെങ്കിലും അവര്‍ക്ക് അറിയാമായിരുന്നുവെന്നാണ് യുഎസ് സെനറ്റ് മെബര്‍ ആംഗസ് കിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ കൈമാറാൻ സാധിക്കുമെന്നും ലോ എൻഫോഴ്‌സ്‌മെന്റ് കരുതുന്നു.


ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോ പ്രദേശത്തെ  സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള പള്‍സ് ക്ലബില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ 53 പേര്‍ക്ക് പരിക്കേറ്റു. ഒര്‍ലാന്‍ഡോ നഗരത്തിലെ ഏറ്റവും പ്രധാന നിശാക്ലബുകളിലൊന്നാണ് അക്രമം നടന്ന പള്‍സ് ഒര്‍ലാന്‍ഡോ. സംഭവം നടക്കുമ്പോള്‍ 300ഓളം പേര്‍ ക്ളബ്ബിലുണ്ടായിരുന്നു.


അതേ സമയം ഒർലാൻഡോ വെടിവെയ്പ്പ് നടത്തിയ ഒമര്‍ മാതീന്‍ എന്ന ഇരുപത്തൊന്‍പതുകാരന്‍റെ ഭീകര സംഘടന ഇസ്‌ലാമിക് സ്റ്റേറ്റുമായുള്ള ബന്ധം ഉറപ്പാക്കുന്ന തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. എങ്കിലും തീവ്രവാദ ആക്രമണം എന്ന നിലയില്‍ തന്നെയാവും അന്വേഷണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. വെടിവയ്പ്പ് നടത്തും മുമ്പ് ഒമര്‍ മതീന്‍ ഇസ്‌ലാമിക് സ്റ്റേറ്റിനോടു അനുഭാവം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഐഎസാണ് ഇയാളെ ആക്രമണത്തിനു നിയോഗിച്ചതെന്നതിനു കൃത്യമായ തെളിവില്ലെന്ന് ഒബാമ വ്യക്തമാക്കി.