നേപ്പാള്‍ പ്രധാനമന്ത്രി ഒലിയുടെ രാജി ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍, പിന്തുണയുമായി ഇമ്രാന്‍ ഖാന്‍....!!
ഇന്ത്യയ്ക്കെതിരായി നടത്തിയ നീക്കങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും വലിയ വില കൊടുക്കേണ്ടി വരികയാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയ്ക്ക്...
കാഠ്മണ്ഡു: ഇന്ത്യയ്ക്കെതിരായി നടത്തിയ നീക്കങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും വലിയ വില കൊടുക്കേണ്ടി വരികയാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയ്ക്ക്...
ഒലിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.
രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ "ഇന്ത്യ" തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രധാനമന്ത്രി പദത്തിന് തന്നെ ഭീഷണിയായി മാറിയിരിയ്ക്കുന്നത്. ഒലി തന്‍റെ ആരോപണം തെളിയിക്കുകയോ രാജിവയ്ക്കുകയോ വേണമെന്ന് മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.
പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലാണ് ഒലിക്കെതിരെ നേതാക്കള്‍ ആഞ്ഞടിച്ചത്. ഒലി തികഞ്ഞ പരാജയമായതിനാല്‍ രാജിവയ്ക്കണമെന്ന് മുന്‍ പ്രധാനമന്ത്രിമാരായ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, മാധവ് കുമാര്‍ നേപ്പാള്‍, ഝല്‍നാഥ് ഖനാല്‍ തുടങ്ങിയ നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന് യോഗത്തിന്‍റെ തുടക്കത്തില്‍ തന്നെ പ്രചണ്ഡ പറഞ്ഞു. 'ഇന്ത്യയല്ല, ഞാന്‍ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു. നിരുത്തരവാദപരമായ അത്തരം പരാമര്‍ശങ്ങള്‍ക്ക് നിങ്ങള്‍ തെളിവ് നല്‍കണം' പ്രചണ്ഡ ഒലിയോട് പറഞ്ഞു.
കടുത്ത രാജ്യസ്‌നേഹ വികാരം ആളികത്തിച്ച് പാര്‍ട്ടിയില്‍ പ്രതിരോധത്തിലായ തന്‍റെ ഇമേജ് തിരികെ പിടിക്കാനാണ് ഒലി ശ്രമിച്ചത്. അതിലൂടെ പാര്‍ട്ടിയിലെ തന്‍റെ എതിരാളികളെ പിന്നിലാക്കാനും അദ്ദേഹം ശ്രമിച്ചു. നേപ്പാളിലെ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ തുല്യ ശക്തരാണ് ശര്‍മ്മ ഒലിയും പ്രചണ്ഡ എന്ന പുഷ്പ കമല്‍ ദഹലും.
ഒലിയെ പ്രധാനമന്ത്രി പദത്തിലെത്താന്‍ ചൈനയാണ് സ്വാധീനം ചെലുത്തിയതെന്നും പറയപ്പെടുന്നു. എന്നാല്‍, ഈ വിഷമസന്ധിയില്‍ ഒലിയ്ക്ക് സഹായമായി എത്തിയിരിക്കുന്നത് ചൈനയല്ല, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്...!!
അധികാരം നിലനിറുത്താന്‍ തിരക്കിട്ട ശ്രമങ്ങള്‍ ഒലി നടത്തുന്നതിനിടെയാണ് പിന്തുണ അറിയിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിട്ടുള്ളത്. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഇമ്രാന്‍ ഖാന്‍റെ ഓഫീസ് ശര്‍മ ഒലിയുമായി സംസാരിക്കുന്നതിനുള്ള അനുമതി തേടിയെന്നു൦ സൂചനയുണ്ട്.
തര്‍ക്ക മേഖലയായ ലിപുലേക്, കാലാപാനി,ലിംപിയാധുര എന്നിവ ഭൂപടത്തില്‍ ചേര്‍ത്ത ഒലിയുടെ നടപടിയോടെ ഇന്ത്യയുമായുളള നേപ്പാളിന്‍റെ ബന്ധം വഷളായത്.
ചൈനയുമായി ഇന്ത്യയുടെ ബന്ധം വഷളായിരിക്കുന്ന സമയത്ത്, നിലവില്‍ ചൈനയുടെ ആശ്രിതരായ ഈ രണ്ട് രാജ്യങ്ങളുടെ തലവന്മാര്‍ തമ്മിലെ ചര്‍ച്ച പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.