Pakistan Crisis : ഇമ്രാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പില്ല, സ്പീക്കർ ഇറങ്ങിപോയി; പാകിസ്ഥാൻ തിരഞ്ഞെടുപ്പിലേക്ക്
ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ ശുപാർശ നൽകി. ഇതോടെ പാകിസ്ഥാൻ അടുത്ത് തിരഞ്ഞെടുപ്പിലേക്ക്. തിരഞ്ഞെടുപ്പ് വരെ കാവൽ സർക്കാരായി തുടരുമെന്ന് ഇമ്രാൻ അറിയിച്ചു.
ഇസ്ലാമബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ വോട്ടെടുപ്പിന് അനുവാദം നിഷേധിച്ച് ഡെപ്യൂട്ടി സ്പീക്കർ. അവിശ്വാസ പ്രമേയം ഭരണഘടനയ്ക്കെതിരെയാണെന്ന് പറഞ്ഞ സ്പീക്കർ സഭ വിട്ട് ഇറങ്ങി പോകുകയും ചെയ്തു. അസംബ്ലി അനിശ്ചിതക്കാലത്തേക്ക് പിരിഞ്ഞു.
അതേസമയം ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ ശുപാർശ നൽകി. ഇമ്രാന്റെ ശുപാർശ പ്രസിഡന്റ് അംഗീകരിച്ചാൽ പാകിസ്ഥാൻ ഇനി അടുത്ത തിരഞ്ഞെടുപ്പിലേക്ക് പോകും. തിരഞ്ഞെടുപ്പ് വരെ കാവൽ സർക്കാരായി തുടരുമെന്ന് ഇമ്രാൻ അറിയിച്ചു.
കൂടാതെ തനിക്കെതിരെയുള്ള അവിശ്വാസം വിദേശ അജണ്ടായണെന്ന് ആരോപിച്ച് പാക് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. വിദേശശക്തികളല്ല രാജ്യത്തെ കാര്യങ്ങൾ തീരുമാനിക്കേണ്ടത്. അത് നിരസിച്ച സ്പീക്കർക്കും ജനങ്ങൾക്കും നന്ദിയെന്ന് ഇമ്രാൻ അറിയിച്ചു.
അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ഖാൻ തോറ്റാൽ പാക് പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ഇമ്രാൻ മന്ത്രിസഭയിലെ മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡെപ്യൂട്ടി സ്പീക്കർ വോട്ടെടുപ്പിന് അനുവാദം നിഷേധിച്ചതെന്ന് റിപ്പോർട്ടുകൾ.
അതേസമയം ഇന്ന് സഭ കൂടുന്നതിന് മുന്നോടിയായി രാജ്യതലസ്ഥാനമായ ഇസ്ലാമബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അസംബ്ലിയിൽ ഇമ്രാൻ ഖാൻ പങ്കെടുത്തിരുന്നില്ല.
പ്രധാന സഖ്യകക്ഷിയായ മുത്തഹിദ ക്വാമി മൂവ്മെന്റ് പാകിസ്ഥാൻ (എംക്യൂഎം-പി) പിന്തുണ പിൻവലിച്ചതോടെയാണ് ഇമ്രാൻ ഖാൻ സർക്കാർ പ്രതിസന്ധിയിലായത്. ഏഴ് അംഗങ്ങളുള്ള എംക്യൂഎം-പി അവരുടെ രണ്ട് മന്ത്രിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 342 അംഗങ്ങളുള്ള അസംബ്ലിയിൽ 172 പേർ വോട്ട് ചെയ്താൽ അവിശ്വാസപ്രമേയം പാസാകും. 155 പേരാണ് ഇമ്രാന്റെ പാർട്ടിയിലുള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.