ഇസ്ലാമബാദ് : പാകിസ്‌ഥാനിലെ ഇമ്രാൻ ഖാൻ സർക്കാരിന് ഭരണപ്രതിസന്ധി രൂക്ഷമാക്കി സൈന്യത്തിന്റെ ഇടപെടൽ. പണപ്പെരുപ്പം മൂലം ബുദ്ധിമുട്ടുന്ന രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതിക്ക് കാരണക്കാരനായ ഇമ്രാൻ ഖാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രംഗത്ത് വന്നിരിക്കുകയാണ്. സർക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനുള്ള അനുമതിയും ഇവർ തേടി കഴിഞ്ഞു.
ഇതിനിടയിലാണ് ഇമ്രാനെതിരെ സൈന്യവും രംഗത്ത് വന്നിരിക്കുന്നത്. ഇമ്രാൻ ഖാൻ സ്വയം രാജിവച്ച് 'ബഹുമാനപൂർവം' ഭരണത്തിൽ നിന്ന് പുറത്തേക്ക് പോകണമെന്നാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇമ്രാന് സൈന്യത്തിന്റെ പിന്തുണ കൂടി നഷ്ടമായതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
പാകിസ്ഥാനിൽ എന്താണ് സംഭവിക്കുന്നത്?
രാജ്യത്തെ രൂക്ഷമായ പണപ്പെരുപ്പത്തിന് കാരണക്കാരായത് ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാരാണെന്ന് ആരോപിച്ചാണ് 86 നാഷണൽ കൗൺസിൽ അംഗങ്ങൾ സർക്കാരിനെതിരായ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. സ്പീക്കർ അവധിയിലായതിനാൽ നാഷണൽ അസംബ്ലി സെക്രട്ടേറിയറ്റിലാണ് അവിശ്വാസപ്രമേയം നൽകിയത്. മൂന്ന് മുതൽ ഏഴ് ദിവസത്തിനുള്ളിൽ നാഷണൽ കൗൺസിൽ വിളിച്ച് ചേർത്ത് അടിയന്തരപ്രമേയം വോട്ടിനിടണമെന്നാണ് ചട്ടം. 342 അംഗങ്ങളുള്ള അസംബ്ലിയിൽ 172 പേർ വോട്ട് ചെയ്താൽ അവിശ്വാസപ്രമേയം പാസാകും. ജെയുഐഎഫ്, പിഎംഎൽ, പിപിപി തുടങ്ങിയ പാർട്ടികളാണ് അവിശ്വാസപ്രമേയത്തിന് അനുമതി തേടിയത്.
ഇമ്രാന് മുന്നിൽ ഇനി എന്ത് വഴി
ഭരണഘടനയിലെ ആർട്ടിക്കിൾ 36-എ വകുപ്പ് സംബന്ധിച്ച് വിശദീകരണത്തിന് വേണ്ടി ചില രാഷ്ട്രീയ കക്ഷികൾ തന്നെ പാകിസ്ഥാൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വത്തെ എതിർത്ത് പാർലമെന്റിൽ വോട്ടിങ് നടത്തിയാൽ വിലക്കും അയോഗ്യതയും വരുമെന്ന ആർട്ടിക്കിളിലെ വിശദീകരണം തേടി നൽകിയിരിക്കുന്ന ഹർജി സുപ്രീംകോടതി മാർച്ച് 24 ന് ശേഷം വാദം കേൾക്കാമെന്ന് തീരുമാനിച്ച് മാറ്റിവച്ചിരിക്കുകയാണ്. ഇതിനാൽ തന്റെ കൂടെയുള്ളവർ പാർലമെന്റിൽ തനിക്കെതിരെ വോട്ട് ചെയ്താൽ അവർക്ക് അയോഗ്യത വരുമെന്ന് ഇമ്രാന് അറിയാം. കോടതി ഈ നിയമത്തിൽ മറ്റ് വിശദീകരണം നൽകുന്നതിന് മുമ്പ് തന്നെ നാഷണൽ അസംബ്ലി വിളിച്ച് ചേർത്ത് വോട്ടിങ് നടത്തുകയെന്നതാണ് ഇമ്രാന് മുന്നിലുള്ള ഒരു വഴി.
പക്ഷേ 172 പേരുടെ വോട്ട് തനിക്ക് അനുകൂലമായി ഉറപ്പിക്കാൻ ഇമ്രാന് കഴിയില്ല. 155 പേരാണ് ഇമ്രാന്റെ പാർട്ടിയിലുള്ളത്. പുറത്തുനിന്നുള്ള മറ്റു ചെറു പാർട്ടികളിലെ 23 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാൻ ഭരണം നടത്തുന്നത്. അതിനാൽ ഈ പാർട്ടിക്കാർ ഇമ്രാനെ പിന്തുണച്ച് വോട്ട് ചെയ്യുമോ എന്നത് കണ്ടറിയണം. വോട്ടിങ്ങിനെ രണ്ടു കൽപ്പിച്ച് നേരിട്ട് അനിവാര്യമായി വിധി ഏറ്റുവാങ്ങുകയെന്നതാണ് ഇമ്രാന് മുന്നിലുള്ള സുരക്ഷിതമായ വഴി. സൈന്യം കൂടി പിണങ്ങിയതോടെ ഇമ്രാന്റെ കാര്യം കൂടുതൽ പരിതാപകരമായിരിക്കുകയാണ്. ഇതിന് മുൻപ് പല തവണ സൈനിക അട്ടിമറി നടന്നിട്ടുള്ള രാജ്യമാണ് പാകിസ്ഥാനെന്നതും നിലവിലെ സ്ഥിതി ഗുരുതരമാക്കുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.