റുവാണ്ടയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം
മധ്യ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
റുവാണ്ട: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്‍റെ ഭാഗമായി റുവാണ്ടയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമൊരുക്കി രാജ്യം. കിഗലി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിക്ക് റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമെയുടെ നേതൃത്വത്തിലുള്ള സംഘം വന്‍ വരവേല്‍പ്പാണ് നല്‍കിയത്.
മധ്യ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിനും സഹകരണത്തിനും ഇടയിലുള്ള നാഴികക്കല്ലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനമെന്ന് പ്രസിഡന്റ് കഗാമെ പറഞ്ഞു.
കഗാമെ നേരിട്ടെത്തി സ്വകരിച്ചതിലുള്ള നന്ദി പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു. മുഴുവന്‍ ഇന്ത്യയോടുമുള്ള ആദരവായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈകാതെ തന്നെ റുവാണ്ടയില്‍ ഇന്ത്യ ഹൈക്കമ്മീഷന്‍ ആരംഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതിലുപരിയായി പാസ്‌പോര്‍ട്ട്, വിസ തുടങ്ങിയ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഇത് വഴി സാധിക്കും. റുവാണ്ടയിലെ സാമ്പത്തിക വികസനത്തിലേക്കുള്ള യാത്രയില്‍ ഒരു പങ്കാളിയായി എന്നു പറയുന്നത് തന്നെ ഇന്ത്യക്ക് ഏറെ അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സുപ്രധാന ചര്‍ച്ചകള്‍ക്കു ശേഷം ഇരു രാജ്യങ്ങളും നിരവധി ഉഭയകക്ഷി കരാറുകളിലും ഒപ്പു വച്ചിട്ടുണ്ട്.
ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ചു ദിവസം നീളുന്ന ആഫ്രിക്കന്‍ പര്യടനത്തിന് തുടക്കമായത്. റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ 25നു നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയാണ് സന്ദര്‍ശനത്തിലെ മുഖ്യ അജന്‍ഡ.