Sri Lanka New PM : റെനിൽ വിക്രമസിംഗെ ലങ്കയുടെ പുതിയ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ഉടൻ
Sri Lanka New PM അതേസമയം പുതുതായി രൂപീകരിക്കുന്ന ലങ്കൻ മന്ത്രിസഭയിൽ രജപക്സെ കുടുംബത്തിൽ നിന്നും ആരുമുണ്ടാകില്ലയെന്ന് പ്രസിഡന്റ് ഗോട്ടബയ രജപക്സെ അറിയിച്ചിരുന്നു
കൊളംബോ : ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനിൽ വിക്രമസിംഗെയെ തിരഞ്ഞെടുത്തതായി റിപ്പോർട്ട്. ഇന്ന് തന്നെ വിക്രമസിംഗെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുക്കുമെന്ന് ലങ്കൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് 9നായിരുന്നു ലങ്ക നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള പ്രതിഷേധങ്ങൾ കലാപമായി മാറിയതിന് പിന്നാലെ മഹിന്ദ രജപക്സെ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്.
രജപക്സെ രാജിവെച്ചതിന് പിന്നാലെ ശ്രീലങ്കയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ ആഴ്ച തന്നെ അധികാരമേൽക്കുമെന്ന് പ്രസിഡന്റ് ഗോട്ടബയ രജപക്സെ അറിയിച്ചിരുന്നു. ആ തീരുമാനം കൂടുതൽ വൈകിപ്പിക്കാതിരിക്കാനാണ് വിക്രമസിംഗെയെ ഇന്ന് തന്നെ വീണ്ടും ലങ്കയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തിക്കുന്നത്.
ഇത് അഞ്ചാം തവണയാണ് ലങ്കയുടെ പ്രധാനമന്ത്രിപദത്തിലേക്ക് വിക്രമസിംഗെ എത്തുന്നത്. 2020ൽ ശ്രീലങ്കയിൽ രാഷ്ട്രീയ അനിശ്ചിതത്വം ആരംഭിക്കുന്നത് വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നൊഴുവാക്കി മഹിന്ദ രജപക്സെ ഭരണമേറ്റെടുക്കുന്നതോടെയാണ്. 1977ലാണ് വിക്രമസിംഗെ ആദ്യമായി എംപി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
അതേസമയം പുതുതായി രൂപീകരിക്കുന്ന ലങ്കൻ മന്ത്രിസഭയിൽ രജപക്സെ കുടുംബത്തിൽ നിന്നും ആരുമുണ്ടാകില്ലയെന്ന് പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചിരുന്നു. എന്നാൽ താൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നൊഴില്ലയെന്ന് മഹീന്ദ രജപക്സെയുടെ സഹോദരൻ ഗോട്ടബയ രജപക്സെ ആവർത്തിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.