Russia Ukraine War: യുക്രൈനിലെ യുദ്ധത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചെന്ന് റഷ്യൻ പ്രഖ്യാപനം. യുക്രൈനിലെ റഷ്യൻ അധിനിവേശം ഒരു മാസവും രണ്ടു ദിവസവും പിന്നിടുമ്പോഴാണ് റഷ്യയുടെ ഭാഗത്ത് നിന്നുള്ള നിർണ്ണായക പ്രഖ്യാപനം പുറത്തുവന്നത്. 

 

കിഴക്കൻ ഡോൺബാസ് മേഖല കേന്ദ്രീകരിച്ച് അതിന്റെ പൂർണ വിമോചനത്തിനായുള്ള പ്രവർത്തനമാകും ഇനി നടത്തുകയെന്നും റഷ്യയുടെ പ്രഖ്യാപനത്തിൽ പറയുന്നു. റഷ്യയോട് ആഭിമുഖ്യം പുലർത്തുന്നവർ കൂടുതലായി താമസിക്കുന്ന മേഖലയാണ് ഡോൺബാസ്. യുക്രൈന്റെ യുദ്ധ തീവ്രത (Russia Ukraine War) കുറയ്ക്കാൻ തങ്ങൾക്ക് കഴിഞ്ഞെന്നും റഷ്യ വ്യക്തമാക്കുന്നു. എന്നാൽ ആദ്യഘട്ടം അവസാനിച്ചെന്നതിന് യുദ്ധം അവസാനിച്ചെന്ന് അർത്ഥമില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

 


 

റഷ്യയുടെ (Russia) യുദ്ധ തന്ത്രങ്ങൾ പാളിയതിന്റെ തെളിവാണ് പ്രഖ്യാപനമെന്ന് പാശ്ചാത്യ രാജ്യങ്ങൾ പ്രതികരിച്ചു. യുദ്ധത്തിന് ഇറങ്ങും മുൻപുള്ള റഷ്യൻ തയാറെടുപ്പുകളുടെ പാളിച്ചയാണ് പുതിയ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നതെന്ന് യുഎസ് പക്ഷത്തുള്ള റഷ്യൻ വിരോധികളായ രാജ്യങ്ങൾ ഇതിനോടകം പ്രതികരിച്ചു കഴിഞ്ഞു. 

 

റഷ്യയോടുള്ള പോരാട്ടത്തിന് അവസാനമില്ലെന്ന് പ്രഖ്യാപിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്‌കി രംഗത്ത് വന്നു. കാറ്റില്ലെങ്കിലും ഇനി കടൽ ശാന്തമാകില്ലെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത വീഡിയോയിൽ സെലൻസ്‌കി പറയുന്നത്. തങ്ങളെ ആക്രമിച്ചതിലൂടെ  റഷ്യയുടെ ഭാഗത്ത് വൻ ആൾ നാശമാണ് ഉണ്ടായതെന്നും സെലൻസ്‌കി കൂട്ടിച്ചേർത്തു. 16,000 റഷ്യൻ സൈനികരെ തങ്ങൾക്ക് വധിക്കാൻ കഴിഞ്ഞെന്ന് സെലൻസ്‌കി അവകാശപ്പെട്ടു. 

 


 

എന്നാൽ 1,351 സൈനികർ മാത്രമാണ് യുക്രൈനിലെ യുദ്ധത്തിൽ തങ്ങൾക്ക് നഷ്ടമായതെന്നാണ് റഷ്യ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. റഷ്യൻ പ്രതിരോധ മന്ത്രിയെ കാണാതായ സംഭവത്തെ ഉൾപ്പെടെ സെലൻസ്‌കി തന്റെ വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. തങ്ങളുടെ ശക്തമായ ചെറുത്തുനിൽപ്പിന്റെ ഫലമായാണ് റഷ്യൻ അധികാരികൾക്ക് യുദ്ധം അവസാനിപ്പിക്കേണ്ടി വരുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടി വന്നതെന്നും സെലൻസ്‌കി അവകാശപ്പെട്ടു.

 

അതെ സമയം മരിയുപോൾ (Mariupol) നഗരത്തിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. റഷ്യൻ ആക്രമണത്തിൽ 300ൽ അധികം പേർ അവിടെ കൊല്ലപ്പെട്ടു കഴിഞ്ഞു. വൈദ്യുതിയും വെള്ളവും ഭക്ഷണവുമില്ലാതെ ആയിരങ്ങളാണ് മേഖലയിൽ കുടുങ്ങി കിടക്കുന്നത്. ഫ്രാൻസിന്റെ നേതൃത്വത്തിൽ അവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക