Russia: മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ച് Vladimir Putin; വോട്ടെടുപ്പിൽ വ്യാപക തിരിമറി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷം
യുണൈറ്റഡ് റഷ്യക്ക് കഴിഞ്ഞ തവണ 54 ശതമാനം വോട്ടുണ്ടായിരുന്നത് ഇത്തവണ 50 ശതമാനമായി കുറഞ്ഞു
മോസ്കോ: റഷ്യയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും അധികാരമുറപ്പിച്ച് പുടിൻ നയിക്കുന്ന 'യുണൈറ്റഡ് റഷ്യ' പാർട്ടി. പാർലമെന്റിന്റെ അധോസഭയായ ഡ്യൂമയിൽ 450 സീറ്റുകളിൽ 315 സീറ്റും യുണൈറ്റഡ് റഷ്യ (United Russia) സ്വന്തമാക്കി. എന്നാൽ യുണൈറ്റഡ് റഷ്യക്ക് കഴിഞ്ഞ തവണ 54 ശതമാനം വോട്ടുണ്ടായിരുന്നത് ഇത്തവണ 50 ശതമാനമായി കുറഞ്ഞു. 68കാരനായ പുടിൻ റഷ്യയിൽ ജനപ്രീതിയുള്ള നേതാവാണ്.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് റഷ്യ 334 സീറ്റുകളാണ് നേടിയത്. സീറ്റുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും ഭരണഘടനാ ഭേദഗതിയുൾപ്പെടെ സുപ്രധാന വിഷയങ്ങളിൽ തുടർന്നും പുടിന് സമഗ്രാധികാരം ഉണ്ടുകുന്ന വിധത്തിലാണ് വിജയം. പ്രതിപക്ഷ നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളുമായാണ് കഴിഞ്ഞ തവണ പുടിൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
2011ലെ തെരഞ്ഞെടുപ്പിൽ തിരിമറി ആരോപണമുയർത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് അലക്സി നാവൽനിയെ അറസ്റ്റ് ചെയ്തിരുന്നു. തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ 13.3 ശതമാനം വോട്ടുനേടി. ഓൺലൈൻ വോട്ടിങ്, തെരഞ്ഞെടുപ്പ് നിരീക്ഷകർക്ക് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ, മൂന്നു ദിവസത്തേക്ക് വോട്ടെടുപ്പ് നീട്ടൽ തുടങ്ങി തിരിമറിക്ക് അവസരം ഒരുക്കുന്ന നിയമങ്ങൾ പലതും നടപ്പാക്കിയായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പ്. വ്യാപകമായ തിരിമറിയാണ് വോട്ടെടുപ്പിൽ നടന്നിരിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...