Russia-Ukraine War: യുക്രൈനിലേക്ക് കൂട്ട മിസൈൽ ആക്രമണം നടത്തി റഷ്യ
Russia-Ukraine Conflict: 120ൽ അധികം മിസൈലുകളാണ് റഷ്യ യുക്രൈനിലേക്ക് തൊടുത്തുവിട്ടതെന്ന് പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് വ്യക്തമാക്കി.
കിവ്: യുക്രൈനിലേക്ക് തുടർച്ചയായി മിസൈൽ ആക്രമണം നടത്തി റഷ്യ. യുക്രൈൻ തലസ്ഥാനമായ കിവ്, രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ്, പടിഞ്ഞാറൻ നഗരമായ ലവിവ് എന്നിവിടങ്ങളിലേക്ക് വ്യാഴാഴ്ച രാവിലെ നൂറിലധികം മിസൈലുകൾ റഷ്യ തൊടുത്തുവിട്ടതായി യുക്രൈൻ അധികൃതർ അറിയിച്ചു. റഷ്യ യുക്രൈനിലേക്ക് തൊടുത്തുവിട്ട മിസൈലുകളുടെ എണ്ണം 120ൽ അധികമാണെന്ന് പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് വ്യക്തമാക്കി.
കിവിൽ റഷ്യയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. നിരവധി വീടുകൾ തകർന്നു. കിവിന് മുകളിലൂടെ പറന്ന 16 മിസൈലുകൾ വെടിവെച്ചിട്ടതായി കൈവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. റഷ്യൻ മിസൈലുകൾ തുടർച്ചയായി സ്‌ഫോടനങ്ങൾ നടത്തിയതിനാൽ കൂടുതൽ ആളപായം ഉണ്ടായിട്ടുണ്ടോയെന്നും നാശനഷ്ടങ്ങളെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരാനുണ്ടെന്നും ഖാർകിവ് മേയർ ഇഹോർ തെരെഖോവ് പറഞ്ഞു. പടിഞ്ഞാറൻ യുക്രൈനിലെ ലവിവ് നഗരത്തിൽ 90 ശതമാനവും വൈദ്യുതിബന്ധം നഷ്ടമായതായി ലവിവ് മേയർ ആൻഡ്രി സഡോവി പറഞ്ഞു.
സൈറ്റോമിറിലും ഒഡെസയിലും സ്‌ഫോടനശബ്ദം കേട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. തെക്കുപടിഞ്ഞാറൻ യുക്രൈനിലെ ഒഡെസ മേഖലയിൽ വ്യോമ പ്രതിരോധ യൂണിറ്റുകൾ 21 മിസൈലുകൾ വെടിവെച്ചിട്ടതായി ഒഡെസ ഗവർണർ മാക്സിം മാർഷെനോ പറഞ്ഞു. ഒരു മിസൈലിന്റെ ഭാഗങ്ങൾ റെസിഡൻഷ്യൽ കെട്ടിടത്തിൽ പതിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മാക്സിം മാർഷെനോ കൂട്ടിച്ചേർത്തു.
ഊർജ്ജ മേഖലയ്ക്ക് ഉണ്ടാകാവുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് ഒഡെസ, ഡിനിപ്രോപെട്രോവ്സ്ക് മേഖലകളിൽ പവർ കട്ട് പ്രഖ്യാപിച്ചു. സിവിലിയന്മാരെ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്നുവെന്ന ആരോപണം റഷ്യ നിഷേധിച്ചു. എന്നാൽ, റഷ്യ തുടർച്ചയായി നടത്തുന്ന ബോംബാക്രമണം നഗരങ്ങളെയും പട്ടണങ്ങളെയും രാജ്യത്തിന്റെ ശക്തിയെയും വൈദ്യശാസ്ത്ര സൗകര്യങ്ങളെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളെയും നശിപ്പിക്കുന്നുവെന്നാണ് യുക്രൈൻ ആരോപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...