Uzbekistan: ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ; അന്വേഷണത്തിൽ സഹകരിക്കുമെന്ന് ലോകാരോ​ഗ്യ സംഘടന

Dok-1 Max Cough Syrup: ഒരു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിച്ച കഫ് സിറപ്പ് കഴിച്ച് ഗാംബിയയിൽ എഴുപതോളം കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് ഉസ്ബെക്കിസ്ഥാനിൽ നിന്നും ആരോപണം ഉയരുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 29, 2022, 10:13 AM IST
  • സിറപ്പുകളുടെ ലബോറട്ടറി പരിശോധനയിൽ എഥിലീൻ ഗ്ലൈക്കോൾ എന്ന വിഷ പദാർത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു
  • ഡോക് 1 ന്റെ എല്ലാ ഗുളികകളും കഫ് സിറപ്പുകളും വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉസ്ബെക്കിസ്ഥാൻ സർക്കാർ ഉത്തരവിട്ടു
  • ഏഴ് ആരോഗ്യ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റിനിർത്തിയതായും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു
Uzbekistan: ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ; അന്വേഷണത്തിൽ സഹകരിക്കുമെന്ന് ലോകാരോ​ഗ്യ സംഘടന

ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ. നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക് നിർമ്മിച്ച ഡോക്-1 മാക്‌സ് എന്ന കഫ് സിറപ്പ് കഴിച്ചതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് ഉസ്‌ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഡോക് 1 മാക്‌സ് സിറപ്പും ടാബ്‌ലെറ്റുകളും ജലദോഷത്തിന് എതിരായ മരുന്നുകളാണ്. ഒരു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിച്ച കഫ് സിറപ്പ് കഴിച്ച് ഗാംബിയയിൽ എഴുപതോളം കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് ഉസ്ബെക്കിസ്ഥാനിൽ നിന്നും ആരോപണം ഉയരുന്നത്.

സിറപ്പുകളുടെ ലബോറട്ടറി പരിശോധനയിൽ എഥിലീൻ ഗ്ലൈക്കോൾ എന്ന വിഷ പദാർത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ, ഫാർമസിസ്‌റ്റുകളുടെ ഉപദേശപ്രകാരമോ അല്ലാതെയോ മാതാപിതാക്കൾ കുട്ടികൾക്കുള്ള സാധാരണ ഡോസിൽ കവിഞ്ഞ അളവിലാണ് കുട്ടികൾക്ക് സിറപ്പ് നൽകിയതെന്ന് മന്ത്രാലയം അറിയിച്ചു. ഡോക് 1 ന്റെ എല്ലാ ഗുളികകളും കഫ് സിറപ്പുകളും വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉസ്ബെക്കിസ്ഥാൻ സർക്കാർ ഉത്തരവിട്ടു. ഏഴ് ആരോഗ്യ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റിനിർത്തിയതായും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

ALSO READ: WHO: ഗാംബിയയില്‍ 66 കുട്ടികൾ മരിക്കാൻ കാരണം ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ്; ആരോപണവുമായി ലോകാരോഗ്യ സംഘടന

ഉസ്ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്നും കൂടുതൽ അന്വേഷണങ്ങളിൽ സഹായിക്കാൻ തയ്യാറാണെന്നും ലോകാരോ​ഗ്യ സംഘടന അറിയിച്ചു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, കഫ് സിറപ്പുകളിൽ എഥിലീൻ ഗ്ലൈക്കോളിന്റെ അംശം ഉണ്ടാകരുത്. ഇത് വ്യാവസായിക നിലവാരത്തിലുള്ള ഗ്ലിസറിനിൽ കാണപ്പെടുന്നതാണ്. ഇത് മരുന്നുകളിൽ നിരോധിച്ചിരിക്കുന്നു. ഡോക് 1 മരുന്നിന്റെ നിർമ്മാതാക്കളായ മരിയോൺ ബയോടെക് യുണൈറ്റഡ് കിംഗ്ഡം, ജോർജിയ, നൈജീരിയ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, അസർബൈജാൻ, കെനിയ, എത്യോപ്യ, ശ്രീലങ്ക, മ്യാൻമർ, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്കും മരുന്നുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. 

ഗാംബിയയിൽ എന്താണ് സംഭവിച്ചത്?

ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾ കഴിച്ച് ഗാംബിയയിൽ എഴുപതോളം കുട്ടികൾ മരിച്ചതായി ആരോപണം ഉയർന്നിരുന്നു. ​ഗാംബിയയിൽ കുട്ടികളുടെ മരണത്തിന് കാരണമായെന്ന് ആരോപിക്കപ്പെട്ട കഫ് സിറപ്പിന്റെ സാമ്പിളുകൾ നിലവാരമുള്ളതാണെന്ന് അടുത്തിടെ കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. “സർക്കാർ അനലിസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, സാമ്പിളുകൾ നിലവാരമുള്ളതാണെന്ന് വ്യക്തമാക്കുന്നു. പ്രസ്തുത സാമ്പിളുകളിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി), എഥിലീൻ ഗ്ലൈക്കോൾ (ഇജി) എന്നിവ നെഗറ്റീവ് ആണെന്ന് കണ്ടെത്തി“യെന്നും കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News